Saturday, February 3, 2007

ബൂലോക കവിത:ഒരാമുഖം

വിനിമയമാര്‍ഗങ്ങള്‍ പുതിയ ഭൂമികകള്‍ തേടുന്ന കാലം..അച്ചടിവിദ്യയില്‍ അധിഷ്ഠിതമായ പഴയ മാധ്യമസംസ്കാരത്തെ പൊളിച്ചെഴുതിക്കൊണ്ട് വിവരസാങ്കേതിക വിദ്യയിലൂന്നിയ പുതുമാധ്യമങ്ങള്‍ പിറക്കുന്നു.ഇവിടെയാണ് ബൂലോകം പോലുള്ള ഹൈടെക് സങ്കേതങ്ങള്‍ പുതിയ കാലത്തിന്റെ വാക്കാകുന്നത്. അനുദിനം ഈ മേഖലയിലേക്ക് കടന്നുവരുന്ന പ്രതിഭകളുടെ എണ്ണം ഇതിന് അടിവരയിടുന്നു.

വിശാലമായ സാധ്യതകള്‍ തുറക്കുന്നതിനൊപ്പംതന്നെ തനതായ കുറേ ചതിക്കുഴികളും ഈ പുതിയ ലോകം ഒളിച്ചുവയ്ക്കുന്നുണ്ട്.സ്വന്തം രചനകളുടെ പ്രകാശനത്തിനായി ഒരു പ്രസിദ്ധീകരണം ആരംഭിക്കുക എന്നത് എളുപ്പമല്ലെന്നിരിക്കെ അതിനായി ഒരു ബ്ലോഗ് തുടങ്ങുക കമ്പ്യൂട്ടര്‍ സ്വന്തമായുള്ള ആര്‍ക്കും സാധ്യമാണ്.ബൂലോകത്തുള്ള സിംഹഭാഗം രചനകളും കേവലം കൊച്ചുവര്‍ത്തമാനത്തിന്റെ തലത്തില്‍നിന്നും ഉയരാത്തതിന്റെ കാരണവും മറ്റൊന്നല്ല. ഇവിടെയാണ് എഴുത്തിനെ ഗൌരവമാര്‍ന്ന ഒരു വിനിമയമാര്‍ഗമായി കാണുന്നവരുടെ കൂടായ്മയിലേക്ക് ബൂലോകം ഉറ്റുനോക്കുന്നത്.ചരിത്രത്തിലെന്നും ഇത്തരം സര്‍ഗ്ഗാ‍ത്മകമായ ഇടപെടലുകളാണ് എഴുത്തിനെ മുന്നോട്ട് നയിച്ചിട്ടുള്ളത്.( ചിലപ്പോഴെങ്കിലും ഇത്തരം ഇടപെടലുകളോട് എഴുത്ത് അസഹിഷ്ണുത പുലര്‍ത്തുന്നുണ്ടെങ്കിലും!) ഈ വഴിക്കു നടക്കുന്ന ശ്രമങ്ങള്‍ക്കൊപ്പം ഇതും ചേര്‍ത്തുവയ്ക്കട്ടെ.

വ്യക്തിപരമായ ചായ്‌വുകൊണ്ടാകാം ബൂലോകപ്രവേശത്തില്‍ ആദ്യം കടന്നുപോയത് കവിതകളിലൂടെയാണ്. അതുകൊണ്ടുതന്നെ പരിചയിച്ച കുറെ കവിതകളെ മുന്‍ നിര്‍ത്തി ബൂലോകകവിതകളുടെ അടിസ്ഥാനസ്വഭാവത്തെ വിശകലനം ചെയ്യാനുള്ള ഒരു ശ്രമമാകട്ടെ ആദ്യം.

വായിച്ച മിക്ക കവിതകളും(ഒപ്പം പ്രതികരണക്കുറിപ്പുകളും!) വെളിപ്പെടുത്തുന്നത് കവിത ഒരു നേരമ്പോക്കോ, വൈകാരികമോ ബൌദ്ധികമോ ആയ ചില്ലറ ഇക്കിളിപ്പെടുത്തലുകളോ മാത്രമാണെന്ന വീക്ഷണത്തെയാണ്. ഘടനാപരമായ കുറെ കസര്‍ത്തുകള്‍ക്കുശേഷം ഒന്നുമവശേഷിപ്പിക്കാതെ കടന്നുപോവുന്ന ഒരുപിടി രചനകള്‍.! സാംഗത്യം ചോര്‍ന്ന് പരസ്പരമുള്ള മകുടം ചാര്‍ത്തല്‍ മാത്രമായി ചുരുങ്ങുന്ന വായന.! ഇവയ്ക്കപ്പുറം സാമൂഹികവും സൌന്ദര്യാത്മകവുമായ പ്രതിബദ്ധതയുടെ സൂചകങ്ങളായ മറ്റുചില കവിതകളും, കേവലം അലസവായനയിലൊതുങ്ങാതെ കൃതികളെ സൃഷ്ടിപരമായി കാണുകയും അവയ്ക്കുമേല്‍ സര്‍ഗപരമായ ഇടപെടലുകള്‍ക്ക് മുതിരുകയും ചെയ്യുന്ന ആസ്വാദകരും... ഇതാണ് ബൂലോക കവിതാസ്വാദനം നല്‍കുന്ന പൊതുചിത്രം. മികച്ചവ, മോശപ്പെട്ടവ എന്നിങ്ങനെയുള്ള അടഞ്ഞ വേര്‍തിരിവുകളില്‍നിന്നും വസ്തുനിഷ്ഠമായ ഒരു വിശകലനത്തിലേക്ക് ആസ്വാദനത്തെ വളര്‍ത്താതെ ഈ ചിത്രത്തിന് മിഴിവ് നല്‍കാനാവില്ല. ഈയൊരു തിരിച്ചറിവ് മുന്‍ നിര്‍ത്തി ശ്രദ്ധേയമെന്നു തോന്നിയ ചില രചനകളുടെ ഘടനയെയും ഉള്ളടക്കത്തെയും അപഗ്രഥിക്കുകയാണ് ഈ ലേഖനപരമ്പരയുടെ ഉദ്ദേശ്യം.

അപ്പോള്‍ അടുത്ത പോസ്റ്റ്:
‘ബൂലോകകവിത: വിഷ്ണുവിന്റെ കവിതകള്‍’

16 comments:

വിഷ്ണു പ്രസാദ് said...

നല്ല തുടക്കം.ബൂലോകത്തെ രചനകളെ ഇങ്ങനെയൊന്ന് വിലയിരുത്താന്‍ പണ്ട് ഞാനൊന്നാലോചിച്ചതാണ്.താങ്കളത് ചെയ്തു കാണാന്‍ ഇപ്പോള്‍ താത്പര്യം തോന്നുന്നു.കാരണം,എന്റെ കവിതകളെ ഞാന്‍ തന്നെ വിലയിരുത്തുന്നത് സച്ചിദാനന്ദന്‍ സ്വന്തം കവിതകളെക്കുറിച്ച് അദ്ദേഹത്തിന്റെ ലേഖനങ്ങളില്‍ വിലയിരുത്തുന്നതു പോലെ വൃത്തികെട്ട ഒരു പണിയാവും.മാത്രമല്ല,ബൂലോകത്തെ രചനകള്‍ക്ക് ഇങ്ങ്നെ വിലയിരുത്തപ്പെടാനുള്ള ഭാഗ്യമൊന്നും ഇതേവരെ ലഭിച്ചിട്ടില്ല.
ഓ.ടോ:താങ്കള്‍ ആരാണ്?അറിയണമെന്നൊരു കൌതുകം.

പരമു said...

വിഷ്ണു,നമ്മള്‍ തമ്മില്‍ അറിയും.വിശാഖിനോപ്പം ഗുല്‍ഫില്‍ നിന്ന് ഒരിക്കല്‍ വിളിച്ചിരുന്നു.പ്രമൊദ് എന്ന് വട്ടപേര്‍.പരമു എന്നത് നെജം..ഒരു ശ്രമം.നിങ്ങളെപ്പോലുള്ളവരുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്..

പരമു said...

സ്വന്തമായി ഒരു കമെന്റ് ഇടുന്നതിനു മുന്‍പുതന്നെ വിഷ്ണുവിന്റെ കമെന്റു വന്നു.നന്ദി.അതിനൊരു മറുപടിക്കു ശേഷം ഇത്.പല കവിതകളും കണ്ടു.അതിനൊപ്പം പത്ത് നാല്‍പ്പത് കമെന്റുകളും.അതിനിടയില്‍ എനിക്കുപറയാനുള്ളത് മുങ്ങിപ്പോകേണ്ടെന്നു കരുതി സ്വന്തമായ് ഒരു ബ്ലോഗുതന്നെ തുടങ്ങി!എല്ലാ ബ്ലോഗര്‍ കൂട്ടുകാര്‍ക്കും സ്വാഗതം..

വല്യമ്മായി said...

സ്വാഗതം,പരമു

Unknown said...

പരമുവിന് സ്വാഗതം.
പലര്‍ക്കും ഉള്‍ക്കൊള്ളാന്‍ കുറച്ച് സമയമെടുക്കും മടുത്തിറങ്ങിപ്പോകരുത്.
പുതിയ ശ്രമത്തിന് അഭിനന്ദനങ്ങള്‍

പരാജിതന്‍ said...

പരമു, സ്വാഗതം.
ഒപ്പം ഈ ആമുഖലേഖനത്തില്‍ തെളിയുന്ന കൈയടക്കത്തിനും സ്പഷ്ടതയ്ക്കും ഒരു സല്യൂട്ടും. ഇത്തരം എഴുത്തുകള്‍ക്ക്‌ ഏറെ പ്രസക്തിയുണ്ട്‌, ബൂലോകത്തില്‍.

ആദ്യത്തെ ലേഖനം വിഷ്ണുവിന്റെ കവിതകളെക്കുറിച്ചാണെന്നത്‌ ഉചിതമായി. ഞാനും ബൂലോകകവിതകള്‍ വായിക്കാന്‍ തുടങ്ങിയ കാലത്ത്‌ അദ്ദേഹത്തിന്റെ പ്രതിഭാശക്തി കണ്ട്‌ വിസ്മയിച്ചിട്ടുണ്ട്‌. (ആളിനെ പരിചയമായിട്ടും അത്‌ കുറഞ്ഞിട്ടില്ല താനും.) അത്‌ പോലെ എഴുതുന്ന അധികം പേരൊന്നും നമ്മുടെ മുഖ്യധാരാമാധ്യമങ്ങളില്‍ പോലുമുണ്ടെന്നു തോന്നുന്നില്ല.

Unknown said...

താങ്കള്‍ വെട്ടിത്തുറക്കുന്ന ‘പുതുവഴി ‘
(ക.ട്.കക്കാട്)ഇനിമേല്‍ നല്ല കവിത തേടി ബൂലോകത്തെത്തുന്ന പുതുയാത്രക്കാര്‍ക്ക് ലക്ഷ്യം കാണാനുള്ള രാജപാതയായിത്തീരട്ടെ എന്നാശംസിക്കുന്നു.

Devadas V.M. said...
This comment has been removed by the author.
Devadas V.M. said...

“വെളിപ്പെടുത്തുന്നത് കവിത ഒരു നേരമ്പോക്കോ, വൈകാരികമോ ബൌദ്ധികമോ ആയ ചില്ലറ ഇക്കിളിപ്പെടുത്തലുകളോ മാത്രമാണെന്ന വീക്ഷണത്തെയാണ്“
അങ്ങിനെ ഒരു കാടടച്ചു വെടി വേണോ?

എനിയിപ്പോ ഉണ്ടകൊണ്ടതും , കിണ്ണം കട്ടെതും ഞാനാണെങ്കില്‍ തന്നെ(ഇത്രയും ആമുഖം) അടുത്ത ചോദ്യം.

മലയാളി-സില്‍‌വിയാപ്ലാത്ത്മാര്‍ക്കും, കുമ്മിങ്ങ്സിനും,ഷെല്ലിക്കും ഒക്കെ വേറെ മീഡിയ ഇല്ലേ?

ഞങ്ങള്‍ കുറച്ചുപേര്‍ ഇവിടെ ഇള്ളാ-പിള്ളാ കളിച്ച് ഒടിക്കളിക്കുമ്പോള്‍, വൃത്തം-രൂപം-ബഹുസ്വരത-അലസവായന എന്നെല്ലാം പറഞ്ഞ് ഇടക്കാല്‍‍ വെയ്ക്കരുത്.

K.V Manikantan said...

അടുത്ത പോസ്റ്റ് പോരട്ടെ വേഗം!

പരമു said...

വല്യമ്മായി,രാജു,പരാജിതന്‍,പൊതുവാളന്‍,സങ്കുചിതന്‍...നന്ദി..
ലോനപ്പാ, നന്ദി..ഈവഴി വന്നതിനും വായിച്ച് അഭിപ്രായം അറിയിച്ചതിനും.
കാടടച്ച് ആര് വെടിവച്ചു? അങ്ങനെ തോന്നിയെങ്കില്‍ അത് വായനയുടെ പ്രശ്നം.ബൂലോകത്തെ എഴുത്തും വായനയും ഒട്ടാകെ നേരമ്പോക്കും ഇക്കിളിപ്പെടുത്തലുമാണെന്ന് ലേഖനത്തിലൊരിടത്തും ഞാന്‍ പറഞ്ഞിട്ടില്ല. എന്നാലതിന്റെ സിംഹഭാഗവും മേല്പറഞ്ഞ തരത്തിലുള്ളതാണെന്ന് തീര്‍ച്ചയായും പറഞ്ഞിട്ടുമുണ്ട്.
ഉണ്ട കൊണ്ടെന്നോ കിണ്ണം കട്ടെന്നോ സ്വയം തോന്നിയെങ്കില്‍ ഉത്തരവാദി ഞാനോ..!
മലയാളത്തിലെ പ്ലാത്തുമാര്‍ക്കും മറ്റും മാത്രമായി ബൂലോകത്ത് എന്തിനൊരു അയിത്താചരണം?
ഇള്ള-പിള്ള കളി വേണ്ട എന്നൊന്നും ആരും പറയുന്നില്ല. അത് പരസ്യമായാവുമ്പോള്‍ കാണികളുണ്ടാവും, അവര്‍ അഭിപ്രായവും പറയും..അസഹിഷ്ണുത പുലര്‍ത്തിയിട്ട് കാര്യമില്ല.
വൃത്തവും രൂപവും ബഹുസ്വരതയുമൊന്നുമില്ലാതെ കേവലം അലസവായനയിലൂടെ വെളിപ്പെടുന്ന ഒരു ‘കോര്‍പ്പറേറ്റ് സ്നാക്ക്’ ആണ് കവിതയെന്ന് കരുതുന്നില്ല.അതുകൊണ്ടുതന്നെ ഇത്തരം പ്രയോഗങ്ങള്‍ ഇനിയും വരും..പൊറുക്കുക..

തറവാടി said...

പരമു,

സ്വാഗതം.

കവിത എന്തെന്നറിയാത്ത എന്നെപ്പോലുള്ള കുറച്ച് പാവങ്ങളുമുണ്ടീബൂലോകത്ത് , :)

Abdu said...

ഇത്തരമൊരു തുടക്കത്തെ കാത്തിരിക്കുകയായിരുന്നു ഞാന്‍. ഒരിക്കല്‍ വിഷ്ണു മാഷിനോട് ഞാനിത് പറയുകയും ചെയ്തിരുന്നു.

നമ്മുടെ വിമര്‍ശന(പ്രത്യേകിച്ച് കവിതാ വിമര്‍ശനം) പാരമ്പര്യത്തിന്റെ തുടര്‍ച്ച മാത്രമാവില്ലെന്ന് പ്രതീക്ഷിക്കുന്നു, വെറും വൃത്തത്തേയും നീ‍ളത്തേയുമൊക്കെ അളക്കാനൂള്ള സ്കെയില്‍ ആവില്ലെന്നും.

ഭാവുകങ്ങള്‍.

പരാജിതന്‍ said...

പരമുവിനോട്‌ ഒരു ജാമ്യാപേക്ഷ ആദ്യമേ തന്നെ.

ലോനപ്പന്റെ കമന്റ്‌ കണ്ട്‌ വന്നതാ. അതിനു മറുപടി പറയേണ്ടത്‌ എന്റെ പണി അല്ലെന്നറിയാം. പക്ഷേ ഈ ബ്ലോഗിന്റെ തുടക്കത്തെക്കുറിച്ച്‌ ഒരു നല്ല വാക്കു പറയുകയും ബ്ലോഗറെ സ്വാഗതം ചെയ്യുകയും ചെയ്തു പോയതിനാല്‍ (ഇനി ഇമ്മാതിരി അബദ്ധങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കാം) ഞാനൊന്നും കണ്ടില്ലേ എന്ന് തലയില്‍ മുണ്ടിടാന്‍ വയ്യ, അഥവാ അതിന്‌ മനസ്സില്ല.

ലോനപ്പാ, ഇദ്ദേഹം പുതിയ ബ്ലോഗറല്ലേ. ഈ മീഡിയം ചില ആളുകള്‍ക്ക്‌ പതിച്ചു കൊടുത്തിരിക്കുന്ന സംഗതി പുള്ളിക്കറിയില്ലെന്നത്‌ വ്യക്തമല്ലേ? നമുക്ക്‌ ശരിയാക്കി എടുക്കാമെന്നേ. ഇടക്കാല്‍ വച്ചാല്‍ കാലുവാരി നിലത്തടിച്ചാല്‍ പോരെ?

ഒരു സംശയം. ഞാന്‍ പതിവായി വായിക്കുന്ന മൂന്ന് ബ്ലോഗെഴുത്തുകാരാണ്‌ ലാപുട, വിഷ്ണു പ്രസാദ്‌, ഇടങ്ങള്‍ എന്ന അബ്ദു എന്നിവര്‍. അവരൊക്കെ പ്രസ്തുത ഇള്ള-പിള്ള കളിക്കാരില്‍ പെടുമോ? അതോ "പോയി വേറെ മീഡിയം തിരക്കിനെടേയ്‌!" എന്നു പറഞ്ഞു തുരത്തേണ്ടവരുടെ ലിസ്റ്റില്‍ പെടുമോ? ഇതൊക്കെ എന്തൊരു ചോദ്യം; അല്ലേ?

Peelikkutty!!!!! said...

പരമു മാഷെ:-)

qw_er_ty

Anonymous said...

Congrats, Mashe,
I would like to respond in Malayalam but alas! I'm unequipped with malayalam fonts. Concentrate on creative criticism not on destructive and venomous ones. It will bring wrath of others on you.
A WELL BEGINNING IS HALF DONE. Fine keep on writing.

with love & regards
Abraham