Tuesday, February 6, 2007

ബൂലോക കവിത: വിഷ്ണുപ്രസാദിന്റെ കവിതകള്‍

വിഷ്ണുവിന്റെ നൂറോളം വരുന്ന ബൂലോക രചനകളില്‍ പ്രാതിനിധ്യസ്വഭാവമുള്ള കുറേ കവിതകളുടെ വിശകലനത്തിലൂടെ അവയുടെ പൊതുസ്വഭാവത്തില്‍ എത്തിച്ചേരാനുള്ള ശ്രമമാണ് ഈ പഠനം. ബൂലോക കവിതകളുടെ ധനാത്മകമായ എല്ലാ സ്വഭാവങ്ങളും പങ്കുവയ്ക്കുകയും, അവയുടെ ഋണാത്മകമായ പ്രവണതകളില്‍നിന്നും മാറി സഞ്ചരിക്കുകയും ചെയ്യുന്നവ എന്ന നിലയ്ക്ക് ഇവ ബൂലോക ആസ്വാദനവുമായി എങ്ങനെ സല്ലപിക്കുകയും കലഹിക്കുകയും ചെയ്യുന്നു എന്നതാണ് ഇത്തരമൊരു പഠനത്തിലേക്കു നയിക്കുന്ന കൌതുകം.

സംസ്കാരത്തിലും വിശ്വാസത്തിലും തുടങ്ങി ശാസ്ത്രത്തില്‍ വരെ പടര്‍ന്നുകയറിയ കമ്പോളവല്‍കൃത മൂല്യബോധത്തിന്റെ നേര്‍ക്ക് തൊടുക്കുന്ന ഒരുതരം ‘കറുത്ത ചിരി’ ആധുനികാനന്തര എഴുത്തിന്റെ മുഖമുദ്രയാണ്. വി.പി.ശിവകുമാറും നിര്‍മല്‍കുമാറും തുടങ്ങി കെ.ജി.എസ് വരെയുള്ള പല സമകാലിക എഴുത്തുകാരില്‍നിന്നും മുഴങ്ങിക്കേള്‍ക്കുന്ന ഈ ചിരി തന്റെ മികച്ച കൃതികളിലൂടെ വിഷ്ണുവും വായനക്കാരുമായി പങ്കുവയ്ക്കുന്നു.
“എല്ലാ കുളങ്ങള്‍ക്കും
പ്രാന്തത്തിയെ പേടിയാണ്”
എന്ന രണ്ടു വരികള്‍ ഉണര്‍ത്തുന്നത് അതിലെ വിരോധാഭാസം സൃഷ്ടിക്കുന്ന മൃദുസ്മിതമാണെങ്കില്‍ “വീരചരിത”ത്തില്‍ വെളുപ്പാന്‍കാലത്ത് സര്‍വാഭരണവിഭൂഷിതനായി സവാരിപോകുന്ന ടിപ്പുവിന്റെ പ്രേതം, തടഞ്ഞുനിര്‍ത്തുന്ന പൊലീസുക്കാരന് മറുപടിയായി, “ആയുധപ്പുരയൊന്നു പരിശോധിക്കണം” എന്നുപറയുന്നിടത്ത് മുഴങ്ങുന്നത് ബസ്സു കാത്തുനിന്ന വേശ്യയെപ്പോലും വശം കെടുത്തിയ പൊട്ടിച്ചിരിയാണ്.

ഒരു കൃതിയുടെ ഘടനാപരവും, ആശയപരവുമായ പൂര്‍ണ്ണതയെ നിര്‍ണ്ണയിക്കുന്നതില്‍ പ്രസ്തുത കൃതിയുടെ ആരംഭവും സമാപ്തിയും വഹിക്കുന്ന പങ്ക്‌ നിസ്സീമമാണ്‌. അതുകൊണ്ടു തന്നെ എങ്ങനെ തുടങ്ങുന്നു എങ്ങനെ അവസാനിപ്പിക്കുന്നു എന്നത്‌ ഏതൊരു കൃതിയുടേയും പഠനത്തില്‍ ആദ്യം പരിഗണിക്കേണ്ടതുണ്ട്‌. 'പിടികിട്ടാപ്പുള്ളി' എന്ന കവിതയില്‍,
" സ്വപ്നങ്ങളായിരുന്നു തടവുപുള്ളികള്‍
ഉ‍ദ്യോഗം, പ്രണയം, വീട്‌,
ആഹാരം, ശാസ്ത്രം എന്നിങ്ങനെ
പലതരമുണ്ടായിരുന്നു അവ"
എന്ന തുടക്കം ഒറ്റ വായനയില്‍ത്തന്നെ വായനക്കാരനെ ഉദ്വേഗഭരിതനാക്കി കവിതയിലേക്ക്‌ കൂട്ടിക്കൊണ്ടു പോകുന്നു. തുടര്‍ന്ന് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട സ്വപ്നങ്ങളില്‍ ഒന്ന് തടവു ചാടുന്നതിനെ ചൊല്ലിയുള്ള കോലാഹലങ്ങളെ സരസമായി വര്‍ണ്ണിക്കുന്ന കവി, ഇതുവരെ പറഞ്ഞതിനൊക്കെ അടിവരയിട്ടുകൊണ്ട്‌,
"അവസാനം പാഠം പഠിച്ചു
ചില സ്വപ്നങ്ങള്‍ കീഴടങ്ങില്ല"
എന്നു പറയുമ്പോള്‍ ഏലിയയുടെ വിഖ്യാതമായ "ദ ലാസ്റ്റ്‌ സപ്പര്‍" എന്ന ചലച്ചിത്രത്തിന്റെ അവസാനരംഗത്ത്‌ ഒടുങ്ങാത്ത വിപ്ലവവീര്യത്തിന്റെ പ്രതീകമായ സെബാസ്റ്റ്യന്റെ കീഴടങ്ങാത്ത തലയും കാത്ത്‌ ബാക്കി വന്ന കുന്തം ഉണ്ടാക്കുന്നതു പോലെ ഒരു അനുഭവം വായനക്കാരനില്‍ തങ്ങിനില്‍ക്കുന്നു.

ഉത്തരാധുനികം എന്ന ലേബല്‍ വന്നുപെട്ടതോടെ 'ശേഷിയില്ലാത്തവന്റെ ഭാര്യയെപ്പോലെ 'നാലുപാടും പായുന്ന മലയാളകവിതയെ രൂക്ഷമായി പരിഹസിക്കുന്ന 'ശേഷി' എന്ന കവിതയില്‍ അന്യസംസ്കാരത്തിലും തത്വശാസ്ത്രങ്ങളിലുമൊക്കെ ആര്‍ത്തിയോടെ പരതിനടക്കുന്ന സമകാലിക സാഹിത്യത്തിന്‌ 'നവീകരിക്കാന്‍ മെനക്കെട്ടിട്ടില്ലാത്ത' പരമ്പരാഗത 'ങ്യാവൂ' ബലത്തില്‍ വിശ്വസിക്കുന്ന ഒരു പൂച്ചയെ കാട്ടികൊടുക്കുന്നു കവി.
"മീന്‍കാരന്‍ വരുന്നുണ്ട്‌
അതിന്‌ മീന്‍ കിട്ടുമോ എന്തോ.."
എന്ന അവസാനവരികള്‍ ശ്രദ്ധേയമാവുന്നത്‌ അവ കവിത മുന്നോട്ടുവയ്ക്കുന്ന ദര്‍ശനത്തെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകം ആണെന്നതിനാല്‍ തന്നെ.

തീവ്രമായ ഒരു അനുഭവതലത്തില്‍ നിന്നുകൊണ്ട്‌ അനുവാചകനുമായി സംവദിക്കുന്നവയാണ്‌ വിഷ്ണുവിന്റെ കവിതകള്‍. വയനാടന്‍ ചുരത്തിന്റെ മൂകാന്ധതകളില്‍ വിലയിതമായൊരു മിത്തിനെ സ്വതന്ത്രമാക്കി സമകാലിക ജീവിതപരിസരത്തിലേയ്ക്ക്‌ ഉയര്‍ത്തെഴുനേല്‍പ്പിക്കുന്ന 'തണുത്ത കൈപ്പടം' ഇതിനൊരു മികച്ച ഉദാഹരണമാണ്‌. 'വഴികാണിക്കുന്നവനെ കൊല്ലുന്ന ലോക'ത്തിന്‌ നിസ്വനായ ആ പണിയന്റെ ചുരുള്‍മുടിക്കാടിനെ പച്ചത്തഴപ്പുകളില്‍നിന്നും, അവന്റെ മൂകസങ്കടങ്ങളെ കോടയില്‍നിന്നും, പൊട്ടിച്ചിരി കാട്ടുചോലയില്‍നിന്നും വീണ്ടെടുത്ത്‌ നല്‍കുന്നു വിഷ്ണു. ചുരംകയറി വരുന്ന പഥികന്റെ അസ്ഥികളിലേയ്ക്ക്‌ അരിച്ചെത്തുന്ന തണുപ്പ്‌, പണിയന്‍ എന്ന പ്രതീകത്തിന്റെ മരണത്തണുപ്പുള്ള കൈപ്പടമാണ്‌. കൈകാര്യം ചെയ്യുന്ന പ്രമേയത്തിന്റെ തീവ്രത ഉള്‍ക്കൊള്ളാന്‍ കെല്‍പ്പുള്ള ഘടന, പദാവലി, ആഖ്യാനശൈലി.. ഇവ ഒത്തുചേരുമ്പോള്‍ കവിത അനശ്വരമായ ഒരു വായനാനുഭവമാകുന്നു. ഒരു വാചകത്തില്‍ പറഞ്ഞുതീര്‍ക്കാവുന്നത്ര ലളിതമായ വിജയരഹസ്യം! പക്ഷേ ബൂലോകത്തുനിന്നോ, ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍നിന്നോ ഉള്ള എത്ര കവിതകള്‍ക്ക്‌ ഇത്തരം ഒരു വിജയം അവകാശപ്പെടാനാവും?

ഗ്രാമജീവിതത്തില്‍ ചിരപരിചിതമായ ഒരു ചിത്രത്തെ എങ്ങനെ മിഴിവുറ്റൊരു കാവ്യാനുഭവമാക്കി മാറ്റാമെന്നതിന്റെ ഉത്തമോദാഹരണമാണ്‌ 'കുളം+പ്രാന്തത്തി'. തലക്കെട്ടു സൂചിപ്പിക്കുന്നതുപോലെ കുളം, പ്രാന്തത്തി എന്നിങ്ങനെ രണ്ടു ബിംബങ്ങളിലൂടെ വികാസം പ്രാപിക്കുന്നതാണ്‌ ഇതിന്റെ പ്രമേയം. 'ഒരു ചെറു ചിരിയുമായി' നിലകൊള്ളുന്ന കുളം വിക്ഷുബ്ധമായ ഒരു അനുഭവപ്രപഞ്ചത്തെ നിശ്ശബ്ദം വഹിക്കുന്ന മനസ്സുതന്നെയാണ്‌. കുളം പ്രാന്തത്തിയെയല്ല, വിഷ്ണു ഒരുക്കുന്ന ക്ലൈമാക്സിലെപ്പോലെ പ്രാന്തത്തി കുളത്തെ തന്നെയാണ്‌ പ്രാപിച്ച്‌ ഹനിക്കുന്നത്‌. തിരിച്ചും മറിച്ചുമിട്ട്‌ ആക്രമിക്കപ്പെട്ട ഒരു മനസ്സ്‌ അവളില്‍തന്നെ ചത്തുപൊന്തുന്നു.

വര്‍ത്തമാന ചിന്താ പ്രപഞ്ചത്തിലെ ഏറ്റവും പ്രസക്തമായ സാന്നിധ്യങ്ങളിലൊന്നാണു പരിസ്ഥിതി. അതുകൊണ്ടു തന്നെ വിഷ്ണുവിന്റെ രചനകളില്‍ പുഴ, കുളം, കുന്ന്‌, കാട്‌, കാറ്റ്‌, കടല്‍, കല്ല്‌, ആകാശം, പക്ഷി, തുമ്പി തുടങ്ങിയ പാരിസ്ഥിതിക ബിംബങ്ങള്‍ അടിക്കടി പ്രത്യക്ഷപ്പെടുന്നത്‌ യാദൃശ്ചികമല്ല. എന്നാല്‍ പരിസ്ഥിതികവിതകളുടെ ഏകമാനതയില്‍ നിന്നും ബഹുസ്വരതയുടെ വിശാലതയിലേയ്ക്ക്‌ അവയോരോന്നും വളരുന്നുമുണ്ട്‌. 'പുഴവരയ്ക്കുമ്പോള്‍' എന്ന കവിതയിലെ പുഴയുടെ ചിത്രത്തില്‍ 'കല്ലുകള്‍ സൂക്ഷിച്ച സ്ഫടികപാത്രം' മുതല്‍ 'ആകാശം', 'ചക്രം', 'ബ്യൂട്ടീഷ്യനായ പെണ്‍കുട്ടി', 'ഗീതമായ ഗായിക', മരിച്ചവരും അവരുടെ വര്‍ത്തമാനവും' വരെ അവശേഷിപ്പിച്ചുകൊണ്ട്‌ പുഴയെ മാത്രം എടുത്തുമാറ്റുമ്പോള്‍ കവി സൃഷ്ടിക്കുന്നത്‌ മേല്‍പ്പറഞ്ഞ ബിംബങ്ങളുടെ രാസകൈമാറ്റങ്ങളിലൂടെ രൂപപ്പെടുന്ന, വിവിധ ആസ്വാദനതലങ്ങളിലൂടെ ഒഴുകുവാന്‍ പോന്ന പുതിയൊരു പുഴയാണ്‌. ചാക്രികപ്രവാഹമായ പുഴയ്ക്കായി ഒരു ചക്രവും അതിന്റെ പ്രവാഹത്തില്‍ മൃതസങ്കടങ്ങളുടെ ശബ്ദരൂപങ്ങളും സമന്വയിപ്പിച്ചുകൊണ്ട്‌ ആത്മീയവും, ഭൗതീകവുമായ അസ്തിത്വതലങ്ങളെ പുഴ എന്ന സദാ ചലനാത്മകമായ ഒരു പ്രതീകത്തിലേയ്ക്ക്‌ കേന്ദ്രീകരിക്കുന്നു കവി. 'കുന്നി'ല്‍ പരിസ്ഥിതി കുറേക്കൂടി ഋജുവായ ഒരു ഇടപെടലാണ്‌ നടത്തുന്നത്‌. കുന്നിനോട്‌ 'ഇനിയെത്ര നാള്‍ ‍വേണം നിന്നെ തിന്നുതീര്‍ക്കാന്‍?' എന്നു ആരായുന്ന കവിക്ക്‌ വ്യവസ്ഥാപിത പാരിസ്ഥിതിക പ്രസ്ഥാനങ്ങളുടെ സ്ഥാപിത താല്‍പ്പര്യങ്ങളുടെ കൊടിയെ ശക്തിയുക്തം നിഷേധിക്കുവാനും കഴിയുന്നുണ്ട്‌. ‘വായ് മൂടിക്കെട്ടിയ ആകാശവും’, ‘അന്ധഗായകനെപ്പോലെ നിലവിളിക്കുന്ന വെയിലും', 'കളിച്ചിരിക്കുന്ന പക്ഷികളും തുമ്പികളും' ഒക്കെ പാരിസ്ഥിതിക മൂല്യങ്ങള്‍ക്കായി ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്ന ഒരു സമൂഹമുന്നേറ്റത്തെ ഓര്‍മ്മിപ്പിക്കുന്നു.

ഉത്തരാധുനികത തരം പോലെ എടുത്തണിയുന്ന മുഖമുദ്ര(മുഖം മൂടി) ആണ്‌ ലാളിത്യം. ബൃഹതാഖ്യാനത്തിന്റെ നിരാസം പോലും ഇത്തരത്തില്‍ വ്യാഖ്യാനിക്കപ്പെടാവുന്നതാണ്. വലിപ്പക്കുറവോ, ഘടനയിലോ പ്രമേയത്തിലോ ഉള്ള ലാളിത്യമോ ഒരു കൃതിയുടെ ന്യൂനതകളായി ആരും എണ്ണുന്നില്ല. ആഖ്യാനം പ്രമേയാനുസൃതമായിരിക്കണം. 'ഹൈക്കു'കളോ, ഏതാനും വരികളില്‍ തീരുന്ന ഏകബിംബ കവിതകളോ തരുന്ന വായനാനുഭവത്തെ ആര്‍ക്ക്‌ നിഷേധിക്കാനാവും? എന്നാല്‍ സമകാലിക സാഹിത്യത്തില്‍ പരീക്ഷണങ്ങളുടെ പേരില്‍ നടക്കുന്ന പല ശ്രമങ്ങളും‍ പോലെ ഇതൊരു എളുപ്പവഴിയല്ല. ഏഴ്‌ വരികളില്‍ തീരുന്ന ഒക്ടേവിയോ പാസിന്റെ 'യൗവ്വനം' എന്ന കവിത പരിശോധിക്കാം,
"തിരയുടെ കുതിപ്പിന്‌
ഏറെ വെണ്മ
ഓരോ മണിക്കൂറും
ഏറെ ഹരിതം
ഓരോ ദിവസവും
ഏറെ ചെറുപ്പം
മരണം". (വിവര്‍ത്തനത്തിന് കടപ്പാട് ‘പരാജിതനോട്’.)
കുതിച്ചുയരുന്ന തിരമാലയും, തഴയ്ക്കുന്ന പച്ചപ്പും, പ്രസരിപ്പുള്ള പ്രഭാതവുമൊക്കെ ഊര്‍ജ്ജം നിറഞ്ഞ യുവത്വത്തിന്റെ പ്രതീകങ്ങളാണ്‌. അവയ്ക്കൊടുവില്‍ മരണമെന്ന ഒറ്റ വാക്കിനെ അന്യാദൃശമായ ഘടനാ വൈഭവത്തോടെ ചേര്‍ത്തുവച്ച മഹാകവി ലളിതമായ കുറേ വാക്കുകള്‍ കൊണ്ട്‌ സൃഷ്ടിക്കുന്ന ആഘാതമാണ്‌ ഈ ചെറു കവിതയെ വിശ്വോത്തരമാക്കുന്നത്‌. തലച്ചോറിലേയ്ക്കു തറച്ചു കയറി, അവിടെനിന്നും നെഞ്ചിലേയ്ക്ക്‌ മെല്ലെ ഇറങ്ങിവന്നു നിറയുന്നു ഈ കവിത. അനുഭവത്തെ മസ്തിഷ്ക്കത്തില്‍നിന്നും നെഞ്ചിലേയ്ക്കിറക്കിക്കൊണ്ടുവരുന്ന പ്രതിഭയുടെ ഈ ഇന്ദ്രജാലത്തിന്റെ അഭാവമാണ്‌ ആനുകാലികസാഹിത്യത്തിലെ പല രചനകളും കേവലം ബൗദ്ധികമോ, വൈകാരികമോ ആയ ഇക്കിളിപ്പെടുത്തലുകല്‍ മാത്രമായി തരംതാഴുവാന്‍ കാരണം. വിഷ്ണുവിന്റെ മികച്ച രചനകളില്‍ എല്ലാം ചിന്തയേയും, വികാരങ്ങളേയും ഒരുപോലെ ഉദ്ദീപിപ്പിക്കുന്ന ഘടകങ്ങള്‍ കണ്ടെത്താം. എന്നാല്‍ അദ്ദേഹത്തിന്റെ തന്നെ ചില കവിതകള്‍ക്ക്‌ ഈ മികവ്‌ അവകാശപ്പെടാനാവാതെ പോകുന്നതിന്റെ കാരണവും ഇതേ ഘടകങ്ങളുടെ അഭാവമാണ്. 'അനുകരണവിദ്യ' എന്ന മികച്ചതെന്ന്‌ കരുതാനാവാത്ത കവിതയില്‍ പോലും അദ്ദേഹം പറയാന്‍ ശ്രമിച്ച കാര്യങ്ങള്‍ പ്രസക്തം തന്നെ. തിങ്കള്‍ മുതല്‍ ഞായര്‍ വരെയുള്ള ഏഴു ദിവസങ്ങളെ പരസ്പരം കോപ്പിയടിക്കുന്ന ഏഴു വിദ്യാര്‍ത്ഥികള്‍ ആക്കുക വഴി കവി ധ്വനിപ്പിക്കുന്നത്‌ ജീവിതത്തിന്റെ വിരസമായ തുടര്‍ച്ചയാണ്‌. അതൊന്നു മാറ്റിമറിക്കാന്‍ എത്തുന്ന മാഷിനു നേരെ അസഹിഷ്ണുതയോടെ സമൂഹം (രക്ഷകര്‍ത്താക്കള്‍) ഗുസ്തിക്കെത്തുന്നു. ഒടുവില്‍ അസ്വസ്ഥതയുണ്ടാക്കുന്ന മാറ്റങ്ങളെ തിരസ്കരിച്ച്‌ സമൂഹം പരസ്പരം കോപ്പിയടിക്കുന്ന ഏഴു ദിവസങ്ങളുടെ സ്വാസ്ഥ്യത്തിലേയ്ക്ക്‌ മടങ്ങുന്നു. വിദ്യാര്‍ത്ഥികളെ തിരിച്ചെടുക്കുന്നു. കോപ്പിയടി നിലനിര്‍ത്തുന്നു. ഈ ആശയത്തെ തലച്ചോറിലെ വ്യാഖ്യാതാവില്‍നിന്നും, നെഞ്ചിലെ വികാരങ്ങളുള്ള പച്ചമനുഷ്യനിലേയ്ക്ക്‌ ഇറക്കിക്കൊണ്ടുവരാന്‍ ആഖ്യാന ശൈലിക്ക്‌ കഴിയാതെ പോയി. കുറേയേറെ നല്ല വരികള്‍ ഉണ്ടായിട്ടും 'ഉന്നങ്ങള്‍' എന്ന കവിത മികച്ച ഒരു വായനാനുഭവമാവാത്തത്‌ താരതമ്യേന അപ്രസക്തമായ വരികള്‍ എഡിറ്റുചെയ്ത്‌ മാറ്റി വായനക്കാരന്റെ ശ്രദ്ധയെ കവിതയുടെ കാതലിലേയ്ക്ക്‌ കേന്ദ്രീകരിക്കാന്‍ കഴിയാതെ പോയതിനാലാണ്‌.

ദര്‍ശനപരമായ ഒരു തരം തുലനം, മറ്റേതൊരു കലാസൃഷ്ടിയുടെ കാര്യത്തിലുമെന്ന പോലെ കവിതയുടെയും ആസ്വാദനത്തെ നേരിട്ട്‌ ബാധിക്കുന്ന ഘടകമാണ്‌. കവിത വികാരങ്ങളില്‍ നിന്നുള്ള മോചനമാണെന്ന എലിയട്ടിയന്‍ വാദം സൂചിപ്പിക്കുന്നതും ഇതു തന്നെ. കവിയെ സൃഷ്ടിയിലേക്ക് നയിക്കുന്ന വികാരങ്ങളും പാരായണത്തിലൂടെ ആസ്വാദകന്‍ അനുഭവിക്കേണ്ട വികാരങ്ങളും തമ്മിലുള്ള തുലനം സാദ്ധ്യമാവണമെങ്കില്‍ കവിതയെ കവിയുടെ വികാരങ്ങളില്‍നിന്ന് സ്വതന്ത്രമാക്കണമെന്ന് അദ്ദേഹം വിശ്വസിച്ചു. കവിതയുടെ സ്വരത്തിലും(റ്റോണ്‍) മറ്റും നടത്തുന്ന വിഘടനങ്ങളിലൂടെ വിഘ്യാതരായ പല കവികളും ഇത്തരം ഒരു തുലനം നേടിക്കണ്ടിട്ടുണ്ട്‌. 'തിരുപ്പൂര്‍' എന്ന കവിതയില്‍ നഗരമെന്ന പ്രതീകത്തെ അതിന്റെ ഇരകള്‍ എന്നു പറയപ്പെടുന്നവരോടൊപ്പം നിന്നു മാത്രം നോക്കിക്കാണുന്നു കവി. ഇത്‌ കവിത മുന്നോട്ടു വയ്ക്കുന്ന ദര്‍ശനത്തെ ഒരു കോണിലേയ്ക്ക്‌ ചുരുക്കുന്നുണ്ട്‌. നഗരവും നാഗരികനും, സൃഷ്ടിയും സൃഷ്ടാവുമെന്ന നിലയിലുള്ള തങ്ങളുടെ അസ്തിത്വത്തെ നിരന്തരം വച്ചുമാറുന്നുണ്ട്‌. ഈ പ്രതിപ്രവര്‍ത്തനം പരിഗണിക്കാത്ത ഒരു നഗരവീക്ഷണം പൂര്‍ണ്ണമാകുന്നില്ല.

താരതമ്യേനെ ഋജുവായ ഒരു ആഖ്യാന സമ്പ്രദായം പിന്തുടരുന്ന കവി എന്ന നിലയില്‍ കരുത്തിനോടൊപ്പം ചില ദൗര്‍ബല്യങ്ങളും ആര്‍ജ്ജിക്കുന്നുണ്ട്‌ വിഷ്ണു. ഒരു മികച്ച കവിതയിലെ ബിംബങ്ങള്‍ അവയുടെ പാരസ്പര്യത്തിലൂടെ അന്യോന്യം നവീകരിക്കേണ്ടതുണ്ട്‌. 'കുളം+പ്രാന്തത്തി' എന്ന കവിതയില്‍ ഈ രണ്ടു പ്രമുഖ ബിംബങ്ങളും പ്രമേയവികാസത്തിന്റെ ഒരു ഘട്ടം കഴിയുമ്പൊഴേയ്ക്കും രണ്ടു പ്രതീകങ്ങളായി വളരുന്നതു കാണാം. 'തണുത്ത കൈപ്പടത്തി'ലെ പണിയനും, 'പുഴവരക്കുന്ന'തിലെ പുഴയുമൊക്കെ തങ്ങളുടെ കേവലാസ്തിത്വം വിട്ട്‌ പല മാനങ്ങളിലേയ്ക്ക്‌ വളരുന്നുണ്ട്‌. എന്നാല്‍ മറ്റു ചില രചനകള്‍ വായനയുടെ ഒരു തലത്തിലേയ്ക്ക്‌ മാത്രമായി ചുരുങ്ങിപ്പോകുന്നതായും കാണുന്നു.

എഴുത്തില്‍ ഇത്രത്തോളം വൈവിധ്യമുണ്ടായിരുന്നിട്ടും, ഘടനയിലും, ഉള്ളടക്കത്തിലും ഒരുപോലെ നിഷ്കര്‍ഷയുണ്ടായിരുന്നിട്ടും, തന്റെ ബ്ലോഗ്‌ പൂട്ടിക്കെട്ടുന്നതിനെക്കുറിച്ച്‌ ഒരിക്കല്‍ തമാശയായെങ്കിലും വിഷ്ണുവിന് സൂചിപ്പിക്കേണ്ടിവന്നു എന്നത് ബൂലോകകവിതാസ്വാദനത്തെ കുറിച്ച്‌ ആശാസ്യമായൊരു ചിത്രമല്ല തരുന്നത്‌. എങ്കിലും ഇത്തരം ഒരു മാധ്യമം ബാലാരിഷ്ടതകള്‍ അതിജീവിച്ച്‌ മുന്നോട്ടു പോകുന്നുവെങ്കില്‍ അത്‌ വിഷ്ണുവിനെപ്പോലെ ഒരു പിടി കവികളിലൂടെ തന്നെ ആയിരിക്കും.

Saturday, February 3, 2007

ബൂലോക കവിത:ഒരാമുഖം

വിനിമയമാര്‍ഗങ്ങള്‍ പുതിയ ഭൂമികകള്‍ തേടുന്ന കാലം..അച്ചടിവിദ്യയില്‍ അധിഷ്ഠിതമായ പഴയ മാധ്യമസംസ്കാരത്തെ പൊളിച്ചെഴുതിക്കൊണ്ട് വിവരസാങ്കേതിക വിദ്യയിലൂന്നിയ പുതുമാധ്യമങ്ങള്‍ പിറക്കുന്നു.ഇവിടെയാണ് ബൂലോകം പോലുള്ള ഹൈടെക് സങ്കേതങ്ങള്‍ പുതിയ കാലത്തിന്റെ വാക്കാകുന്നത്. അനുദിനം ഈ മേഖലയിലേക്ക് കടന്നുവരുന്ന പ്രതിഭകളുടെ എണ്ണം ഇതിന് അടിവരയിടുന്നു.

വിശാലമായ സാധ്യതകള്‍ തുറക്കുന്നതിനൊപ്പംതന്നെ തനതായ കുറേ ചതിക്കുഴികളും ഈ പുതിയ ലോകം ഒളിച്ചുവയ്ക്കുന്നുണ്ട്.സ്വന്തം രചനകളുടെ പ്രകാശനത്തിനായി ഒരു പ്രസിദ്ധീകരണം ആരംഭിക്കുക എന്നത് എളുപ്പമല്ലെന്നിരിക്കെ അതിനായി ഒരു ബ്ലോഗ് തുടങ്ങുക കമ്പ്യൂട്ടര്‍ സ്വന്തമായുള്ള ആര്‍ക്കും സാധ്യമാണ്.ബൂലോകത്തുള്ള സിംഹഭാഗം രചനകളും കേവലം കൊച്ചുവര്‍ത്തമാനത്തിന്റെ തലത്തില്‍നിന്നും ഉയരാത്തതിന്റെ കാരണവും മറ്റൊന്നല്ല. ഇവിടെയാണ് എഴുത്തിനെ ഗൌരവമാര്‍ന്ന ഒരു വിനിമയമാര്‍ഗമായി കാണുന്നവരുടെ കൂടായ്മയിലേക്ക് ബൂലോകം ഉറ്റുനോക്കുന്നത്.ചരിത്രത്തിലെന്നും ഇത്തരം സര്‍ഗ്ഗാ‍ത്മകമായ ഇടപെടലുകളാണ് എഴുത്തിനെ മുന്നോട്ട് നയിച്ചിട്ടുള്ളത്.( ചിലപ്പോഴെങ്കിലും ഇത്തരം ഇടപെടലുകളോട് എഴുത്ത് അസഹിഷ്ണുത പുലര്‍ത്തുന്നുണ്ടെങ്കിലും!) ഈ വഴിക്കു നടക്കുന്ന ശ്രമങ്ങള്‍ക്കൊപ്പം ഇതും ചേര്‍ത്തുവയ്ക്കട്ടെ.

വ്യക്തിപരമായ ചായ്‌വുകൊണ്ടാകാം ബൂലോകപ്രവേശത്തില്‍ ആദ്യം കടന്നുപോയത് കവിതകളിലൂടെയാണ്. അതുകൊണ്ടുതന്നെ പരിചയിച്ച കുറെ കവിതകളെ മുന്‍ നിര്‍ത്തി ബൂലോകകവിതകളുടെ അടിസ്ഥാനസ്വഭാവത്തെ വിശകലനം ചെയ്യാനുള്ള ഒരു ശ്രമമാകട്ടെ ആദ്യം.

വായിച്ച മിക്ക കവിതകളും(ഒപ്പം പ്രതികരണക്കുറിപ്പുകളും!) വെളിപ്പെടുത്തുന്നത് കവിത ഒരു നേരമ്പോക്കോ, വൈകാരികമോ ബൌദ്ധികമോ ആയ ചില്ലറ ഇക്കിളിപ്പെടുത്തലുകളോ മാത്രമാണെന്ന വീക്ഷണത്തെയാണ്. ഘടനാപരമായ കുറെ കസര്‍ത്തുകള്‍ക്കുശേഷം ഒന്നുമവശേഷിപ്പിക്കാതെ കടന്നുപോവുന്ന ഒരുപിടി രചനകള്‍.! സാംഗത്യം ചോര്‍ന്ന് പരസ്പരമുള്ള മകുടം ചാര്‍ത്തല്‍ മാത്രമായി ചുരുങ്ങുന്ന വായന.! ഇവയ്ക്കപ്പുറം സാമൂഹികവും സൌന്ദര്യാത്മകവുമായ പ്രതിബദ്ധതയുടെ സൂചകങ്ങളായ മറ്റുചില കവിതകളും, കേവലം അലസവായനയിലൊതുങ്ങാതെ കൃതികളെ സൃഷ്ടിപരമായി കാണുകയും അവയ്ക്കുമേല്‍ സര്‍ഗപരമായ ഇടപെടലുകള്‍ക്ക് മുതിരുകയും ചെയ്യുന്ന ആസ്വാദകരും... ഇതാണ് ബൂലോക കവിതാസ്വാദനം നല്‍കുന്ന പൊതുചിത്രം. മികച്ചവ, മോശപ്പെട്ടവ എന്നിങ്ങനെയുള്ള അടഞ്ഞ വേര്‍തിരിവുകളില്‍നിന്നും വസ്തുനിഷ്ഠമായ ഒരു വിശകലനത്തിലേക്ക് ആസ്വാദനത്തെ വളര്‍ത്താതെ ഈ ചിത്രത്തിന് മിഴിവ് നല്‍കാനാവില്ല. ഈയൊരു തിരിച്ചറിവ് മുന്‍ നിര്‍ത്തി ശ്രദ്ധേയമെന്നു തോന്നിയ ചില രചനകളുടെ ഘടനയെയും ഉള്ളടക്കത്തെയും അപഗ്രഥിക്കുകയാണ് ഈ ലേഖനപരമ്പരയുടെ ഉദ്ദേശ്യം.

അപ്പോള്‍ അടുത്ത പോസ്റ്റ്:
‘ബൂലോകകവിത: വിഷ്ണുവിന്റെ കവിതകള്‍’