Tuesday, February 6, 2007

ബൂലോക കവിത: വിഷ്ണുപ്രസാദിന്റെ കവിതകള്‍

വിഷ്ണുവിന്റെ നൂറോളം വരുന്ന ബൂലോക രചനകളില്‍ പ്രാതിനിധ്യസ്വഭാവമുള്ള കുറേ കവിതകളുടെ വിശകലനത്തിലൂടെ അവയുടെ പൊതുസ്വഭാവത്തില്‍ എത്തിച്ചേരാനുള്ള ശ്രമമാണ് ഈ പഠനം. ബൂലോക കവിതകളുടെ ധനാത്മകമായ എല്ലാ സ്വഭാവങ്ങളും പങ്കുവയ്ക്കുകയും, അവയുടെ ഋണാത്മകമായ പ്രവണതകളില്‍നിന്നും മാറി സഞ്ചരിക്കുകയും ചെയ്യുന്നവ എന്ന നിലയ്ക്ക് ഇവ ബൂലോക ആസ്വാദനവുമായി എങ്ങനെ സല്ലപിക്കുകയും കലഹിക്കുകയും ചെയ്യുന്നു എന്നതാണ് ഇത്തരമൊരു പഠനത്തിലേക്കു നയിക്കുന്ന കൌതുകം.

സംസ്കാരത്തിലും വിശ്വാസത്തിലും തുടങ്ങി ശാസ്ത്രത്തില്‍ വരെ പടര്‍ന്നുകയറിയ കമ്പോളവല്‍കൃത മൂല്യബോധത്തിന്റെ നേര്‍ക്ക് തൊടുക്കുന്ന ഒരുതരം ‘കറുത്ത ചിരി’ ആധുനികാനന്തര എഴുത്തിന്റെ മുഖമുദ്രയാണ്. വി.പി.ശിവകുമാറും നിര്‍മല്‍കുമാറും തുടങ്ങി കെ.ജി.എസ് വരെയുള്ള പല സമകാലിക എഴുത്തുകാരില്‍നിന്നും മുഴങ്ങിക്കേള്‍ക്കുന്ന ഈ ചിരി തന്റെ മികച്ച കൃതികളിലൂടെ വിഷ്ണുവും വായനക്കാരുമായി പങ്കുവയ്ക്കുന്നു.
“എല്ലാ കുളങ്ങള്‍ക്കും
പ്രാന്തത്തിയെ പേടിയാണ്”
എന്ന രണ്ടു വരികള്‍ ഉണര്‍ത്തുന്നത് അതിലെ വിരോധാഭാസം സൃഷ്ടിക്കുന്ന മൃദുസ്മിതമാണെങ്കില്‍ “വീരചരിത”ത്തില്‍ വെളുപ്പാന്‍കാലത്ത് സര്‍വാഭരണവിഭൂഷിതനായി സവാരിപോകുന്ന ടിപ്പുവിന്റെ പ്രേതം, തടഞ്ഞുനിര്‍ത്തുന്ന പൊലീസുക്കാരന് മറുപടിയായി, “ആയുധപ്പുരയൊന്നു പരിശോധിക്കണം” എന്നുപറയുന്നിടത്ത് മുഴങ്ങുന്നത് ബസ്സു കാത്തുനിന്ന വേശ്യയെപ്പോലും വശം കെടുത്തിയ പൊട്ടിച്ചിരിയാണ്.

ഒരു കൃതിയുടെ ഘടനാപരവും, ആശയപരവുമായ പൂര്‍ണ്ണതയെ നിര്‍ണ്ണയിക്കുന്നതില്‍ പ്രസ്തുത കൃതിയുടെ ആരംഭവും സമാപ്തിയും വഹിക്കുന്ന പങ്ക്‌ നിസ്സീമമാണ്‌. അതുകൊണ്ടു തന്നെ എങ്ങനെ തുടങ്ങുന്നു എങ്ങനെ അവസാനിപ്പിക്കുന്നു എന്നത്‌ ഏതൊരു കൃതിയുടേയും പഠനത്തില്‍ ആദ്യം പരിഗണിക്കേണ്ടതുണ്ട്‌. 'പിടികിട്ടാപ്പുള്ളി' എന്ന കവിതയില്‍,
" സ്വപ്നങ്ങളായിരുന്നു തടവുപുള്ളികള്‍
ഉ‍ദ്യോഗം, പ്രണയം, വീട്‌,
ആഹാരം, ശാസ്ത്രം എന്നിങ്ങനെ
പലതരമുണ്ടായിരുന്നു അവ"
എന്ന തുടക്കം ഒറ്റ വായനയില്‍ത്തന്നെ വായനക്കാരനെ ഉദ്വേഗഭരിതനാക്കി കവിതയിലേക്ക്‌ കൂട്ടിക്കൊണ്ടു പോകുന്നു. തുടര്‍ന്ന് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട സ്വപ്നങ്ങളില്‍ ഒന്ന് തടവു ചാടുന്നതിനെ ചൊല്ലിയുള്ള കോലാഹലങ്ങളെ സരസമായി വര്‍ണ്ണിക്കുന്ന കവി, ഇതുവരെ പറഞ്ഞതിനൊക്കെ അടിവരയിട്ടുകൊണ്ട്‌,
"അവസാനം പാഠം പഠിച്ചു
ചില സ്വപ്നങ്ങള്‍ കീഴടങ്ങില്ല"
എന്നു പറയുമ്പോള്‍ ഏലിയയുടെ വിഖ്യാതമായ "ദ ലാസ്റ്റ്‌ സപ്പര്‍" എന്ന ചലച്ചിത്രത്തിന്റെ അവസാനരംഗത്ത്‌ ഒടുങ്ങാത്ത വിപ്ലവവീര്യത്തിന്റെ പ്രതീകമായ സെബാസ്റ്റ്യന്റെ കീഴടങ്ങാത്ത തലയും കാത്ത്‌ ബാക്കി വന്ന കുന്തം ഉണ്ടാക്കുന്നതു പോലെ ഒരു അനുഭവം വായനക്കാരനില്‍ തങ്ങിനില്‍ക്കുന്നു.

ഉത്തരാധുനികം എന്ന ലേബല്‍ വന്നുപെട്ടതോടെ 'ശേഷിയില്ലാത്തവന്റെ ഭാര്യയെപ്പോലെ 'നാലുപാടും പായുന്ന മലയാളകവിതയെ രൂക്ഷമായി പരിഹസിക്കുന്ന 'ശേഷി' എന്ന കവിതയില്‍ അന്യസംസ്കാരത്തിലും തത്വശാസ്ത്രങ്ങളിലുമൊക്കെ ആര്‍ത്തിയോടെ പരതിനടക്കുന്ന സമകാലിക സാഹിത്യത്തിന്‌ 'നവീകരിക്കാന്‍ മെനക്കെട്ടിട്ടില്ലാത്ത' പരമ്പരാഗത 'ങ്യാവൂ' ബലത്തില്‍ വിശ്വസിക്കുന്ന ഒരു പൂച്ചയെ കാട്ടികൊടുക്കുന്നു കവി.
"മീന്‍കാരന്‍ വരുന്നുണ്ട്‌
അതിന്‌ മീന്‍ കിട്ടുമോ എന്തോ.."
എന്ന അവസാനവരികള്‍ ശ്രദ്ധേയമാവുന്നത്‌ അവ കവിത മുന്നോട്ടുവയ്ക്കുന്ന ദര്‍ശനത്തെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകം ആണെന്നതിനാല്‍ തന്നെ.

തീവ്രമായ ഒരു അനുഭവതലത്തില്‍ നിന്നുകൊണ്ട്‌ അനുവാചകനുമായി സംവദിക്കുന്നവയാണ്‌ വിഷ്ണുവിന്റെ കവിതകള്‍. വയനാടന്‍ ചുരത്തിന്റെ മൂകാന്ധതകളില്‍ വിലയിതമായൊരു മിത്തിനെ സ്വതന്ത്രമാക്കി സമകാലിക ജീവിതപരിസരത്തിലേയ്ക്ക്‌ ഉയര്‍ത്തെഴുനേല്‍പ്പിക്കുന്ന 'തണുത്ത കൈപ്പടം' ഇതിനൊരു മികച്ച ഉദാഹരണമാണ്‌. 'വഴികാണിക്കുന്നവനെ കൊല്ലുന്ന ലോക'ത്തിന്‌ നിസ്വനായ ആ പണിയന്റെ ചുരുള്‍മുടിക്കാടിനെ പച്ചത്തഴപ്പുകളില്‍നിന്നും, അവന്റെ മൂകസങ്കടങ്ങളെ കോടയില്‍നിന്നും, പൊട്ടിച്ചിരി കാട്ടുചോലയില്‍നിന്നും വീണ്ടെടുത്ത്‌ നല്‍കുന്നു വിഷ്ണു. ചുരംകയറി വരുന്ന പഥികന്റെ അസ്ഥികളിലേയ്ക്ക്‌ അരിച്ചെത്തുന്ന തണുപ്പ്‌, പണിയന്‍ എന്ന പ്രതീകത്തിന്റെ മരണത്തണുപ്പുള്ള കൈപ്പടമാണ്‌. കൈകാര്യം ചെയ്യുന്ന പ്രമേയത്തിന്റെ തീവ്രത ഉള്‍ക്കൊള്ളാന്‍ കെല്‍പ്പുള്ള ഘടന, പദാവലി, ആഖ്യാനശൈലി.. ഇവ ഒത്തുചേരുമ്പോള്‍ കവിത അനശ്വരമായ ഒരു വായനാനുഭവമാകുന്നു. ഒരു വാചകത്തില്‍ പറഞ്ഞുതീര്‍ക്കാവുന്നത്ര ലളിതമായ വിജയരഹസ്യം! പക്ഷേ ബൂലോകത്തുനിന്നോ, ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍നിന്നോ ഉള്ള എത്ര കവിതകള്‍ക്ക്‌ ഇത്തരം ഒരു വിജയം അവകാശപ്പെടാനാവും?

ഗ്രാമജീവിതത്തില്‍ ചിരപരിചിതമായ ഒരു ചിത്രത്തെ എങ്ങനെ മിഴിവുറ്റൊരു കാവ്യാനുഭവമാക്കി മാറ്റാമെന്നതിന്റെ ഉത്തമോദാഹരണമാണ്‌ 'കുളം+പ്രാന്തത്തി'. തലക്കെട്ടു സൂചിപ്പിക്കുന്നതുപോലെ കുളം, പ്രാന്തത്തി എന്നിങ്ങനെ രണ്ടു ബിംബങ്ങളിലൂടെ വികാസം പ്രാപിക്കുന്നതാണ്‌ ഇതിന്റെ പ്രമേയം. 'ഒരു ചെറു ചിരിയുമായി' നിലകൊള്ളുന്ന കുളം വിക്ഷുബ്ധമായ ഒരു അനുഭവപ്രപഞ്ചത്തെ നിശ്ശബ്ദം വഹിക്കുന്ന മനസ്സുതന്നെയാണ്‌. കുളം പ്രാന്തത്തിയെയല്ല, വിഷ്ണു ഒരുക്കുന്ന ക്ലൈമാക്സിലെപ്പോലെ പ്രാന്തത്തി കുളത്തെ തന്നെയാണ്‌ പ്രാപിച്ച്‌ ഹനിക്കുന്നത്‌. തിരിച്ചും മറിച്ചുമിട്ട്‌ ആക്രമിക്കപ്പെട്ട ഒരു മനസ്സ്‌ അവളില്‍തന്നെ ചത്തുപൊന്തുന്നു.

വര്‍ത്തമാന ചിന്താ പ്രപഞ്ചത്തിലെ ഏറ്റവും പ്രസക്തമായ സാന്നിധ്യങ്ങളിലൊന്നാണു പരിസ്ഥിതി. അതുകൊണ്ടു തന്നെ വിഷ്ണുവിന്റെ രചനകളില്‍ പുഴ, കുളം, കുന്ന്‌, കാട്‌, കാറ്റ്‌, കടല്‍, കല്ല്‌, ആകാശം, പക്ഷി, തുമ്പി തുടങ്ങിയ പാരിസ്ഥിതിക ബിംബങ്ങള്‍ അടിക്കടി പ്രത്യക്ഷപ്പെടുന്നത്‌ യാദൃശ്ചികമല്ല. എന്നാല്‍ പരിസ്ഥിതികവിതകളുടെ ഏകമാനതയില്‍ നിന്നും ബഹുസ്വരതയുടെ വിശാലതയിലേയ്ക്ക്‌ അവയോരോന്നും വളരുന്നുമുണ്ട്‌. 'പുഴവരയ്ക്കുമ്പോള്‍' എന്ന കവിതയിലെ പുഴയുടെ ചിത്രത്തില്‍ 'കല്ലുകള്‍ സൂക്ഷിച്ച സ്ഫടികപാത്രം' മുതല്‍ 'ആകാശം', 'ചക്രം', 'ബ്യൂട്ടീഷ്യനായ പെണ്‍കുട്ടി', 'ഗീതമായ ഗായിക', മരിച്ചവരും അവരുടെ വര്‍ത്തമാനവും' വരെ അവശേഷിപ്പിച്ചുകൊണ്ട്‌ പുഴയെ മാത്രം എടുത്തുമാറ്റുമ്പോള്‍ കവി സൃഷ്ടിക്കുന്നത്‌ മേല്‍പ്പറഞ്ഞ ബിംബങ്ങളുടെ രാസകൈമാറ്റങ്ങളിലൂടെ രൂപപ്പെടുന്ന, വിവിധ ആസ്വാദനതലങ്ങളിലൂടെ ഒഴുകുവാന്‍ പോന്ന പുതിയൊരു പുഴയാണ്‌. ചാക്രികപ്രവാഹമായ പുഴയ്ക്കായി ഒരു ചക്രവും അതിന്റെ പ്രവാഹത്തില്‍ മൃതസങ്കടങ്ങളുടെ ശബ്ദരൂപങ്ങളും സമന്വയിപ്പിച്ചുകൊണ്ട്‌ ആത്മീയവും, ഭൗതീകവുമായ അസ്തിത്വതലങ്ങളെ പുഴ എന്ന സദാ ചലനാത്മകമായ ഒരു പ്രതീകത്തിലേയ്ക്ക്‌ കേന്ദ്രീകരിക്കുന്നു കവി. 'കുന്നി'ല്‍ പരിസ്ഥിതി കുറേക്കൂടി ഋജുവായ ഒരു ഇടപെടലാണ്‌ നടത്തുന്നത്‌. കുന്നിനോട്‌ 'ഇനിയെത്ര നാള്‍ ‍വേണം നിന്നെ തിന്നുതീര്‍ക്കാന്‍?' എന്നു ആരായുന്ന കവിക്ക്‌ വ്യവസ്ഥാപിത പാരിസ്ഥിതിക പ്രസ്ഥാനങ്ങളുടെ സ്ഥാപിത താല്‍പ്പര്യങ്ങളുടെ കൊടിയെ ശക്തിയുക്തം നിഷേധിക്കുവാനും കഴിയുന്നുണ്ട്‌. ‘വായ് മൂടിക്കെട്ടിയ ആകാശവും’, ‘അന്ധഗായകനെപ്പോലെ നിലവിളിക്കുന്ന വെയിലും', 'കളിച്ചിരിക്കുന്ന പക്ഷികളും തുമ്പികളും' ഒക്കെ പാരിസ്ഥിതിക മൂല്യങ്ങള്‍ക്കായി ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്ന ഒരു സമൂഹമുന്നേറ്റത്തെ ഓര്‍മ്മിപ്പിക്കുന്നു.

ഉത്തരാധുനികത തരം പോലെ എടുത്തണിയുന്ന മുഖമുദ്ര(മുഖം മൂടി) ആണ്‌ ലാളിത്യം. ബൃഹതാഖ്യാനത്തിന്റെ നിരാസം പോലും ഇത്തരത്തില്‍ വ്യാഖ്യാനിക്കപ്പെടാവുന്നതാണ്. വലിപ്പക്കുറവോ, ഘടനയിലോ പ്രമേയത്തിലോ ഉള്ള ലാളിത്യമോ ഒരു കൃതിയുടെ ന്യൂനതകളായി ആരും എണ്ണുന്നില്ല. ആഖ്യാനം പ്രമേയാനുസൃതമായിരിക്കണം. 'ഹൈക്കു'കളോ, ഏതാനും വരികളില്‍ തീരുന്ന ഏകബിംബ കവിതകളോ തരുന്ന വായനാനുഭവത്തെ ആര്‍ക്ക്‌ നിഷേധിക്കാനാവും? എന്നാല്‍ സമകാലിക സാഹിത്യത്തില്‍ പരീക്ഷണങ്ങളുടെ പേരില്‍ നടക്കുന്ന പല ശ്രമങ്ങളും‍ പോലെ ഇതൊരു എളുപ്പവഴിയല്ല. ഏഴ്‌ വരികളില്‍ തീരുന്ന ഒക്ടേവിയോ പാസിന്റെ 'യൗവ്വനം' എന്ന കവിത പരിശോധിക്കാം,
"തിരയുടെ കുതിപ്പിന്‌
ഏറെ വെണ്മ
ഓരോ മണിക്കൂറും
ഏറെ ഹരിതം
ഓരോ ദിവസവും
ഏറെ ചെറുപ്പം
മരണം". (വിവര്‍ത്തനത്തിന് കടപ്പാട് ‘പരാജിതനോട്’.)
കുതിച്ചുയരുന്ന തിരമാലയും, തഴയ്ക്കുന്ന പച്ചപ്പും, പ്രസരിപ്പുള്ള പ്രഭാതവുമൊക്കെ ഊര്‍ജ്ജം നിറഞ്ഞ യുവത്വത്തിന്റെ പ്രതീകങ്ങളാണ്‌. അവയ്ക്കൊടുവില്‍ മരണമെന്ന ഒറ്റ വാക്കിനെ അന്യാദൃശമായ ഘടനാ വൈഭവത്തോടെ ചേര്‍ത്തുവച്ച മഹാകവി ലളിതമായ കുറേ വാക്കുകള്‍ കൊണ്ട്‌ സൃഷ്ടിക്കുന്ന ആഘാതമാണ്‌ ഈ ചെറു കവിതയെ വിശ്വോത്തരമാക്കുന്നത്‌. തലച്ചോറിലേയ്ക്കു തറച്ചു കയറി, അവിടെനിന്നും നെഞ്ചിലേയ്ക്ക്‌ മെല്ലെ ഇറങ്ങിവന്നു നിറയുന്നു ഈ കവിത. അനുഭവത്തെ മസ്തിഷ്ക്കത്തില്‍നിന്നും നെഞ്ചിലേയ്ക്കിറക്കിക്കൊണ്ടുവരുന്ന പ്രതിഭയുടെ ഈ ഇന്ദ്രജാലത്തിന്റെ അഭാവമാണ്‌ ആനുകാലികസാഹിത്യത്തിലെ പല രചനകളും കേവലം ബൗദ്ധികമോ, വൈകാരികമോ ആയ ഇക്കിളിപ്പെടുത്തലുകല്‍ മാത്രമായി തരംതാഴുവാന്‍ കാരണം. വിഷ്ണുവിന്റെ മികച്ച രചനകളില്‍ എല്ലാം ചിന്തയേയും, വികാരങ്ങളേയും ഒരുപോലെ ഉദ്ദീപിപ്പിക്കുന്ന ഘടകങ്ങള്‍ കണ്ടെത്താം. എന്നാല്‍ അദ്ദേഹത്തിന്റെ തന്നെ ചില കവിതകള്‍ക്ക്‌ ഈ മികവ്‌ അവകാശപ്പെടാനാവാതെ പോകുന്നതിന്റെ കാരണവും ഇതേ ഘടകങ്ങളുടെ അഭാവമാണ്. 'അനുകരണവിദ്യ' എന്ന മികച്ചതെന്ന്‌ കരുതാനാവാത്ത കവിതയില്‍ പോലും അദ്ദേഹം പറയാന്‍ ശ്രമിച്ച കാര്യങ്ങള്‍ പ്രസക്തം തന്നെ. തിങ്കള്‍ മുതല്‍ ഞായര്‍ വരെയുള്ള ഏഴു ദിവസങ്ങളെ പരസ്പരം കോപ്പിയടിക്കുന്ന ഏഴു വിദ്യാര്‍ത്ഥികള്‍ ആക്കുക വഴി കവി ധ്വനിപ്പിക്കുന്നത്‌ ജീവിതത്തിന്റെ വിരസമായ തുടര്‍ച്ചയാണ്‌. അതൊന്നു മാറ്റിമറിക്കാന്‍ എത്തുന്ന മാഷിനു നേരെ അസഹിഷ്ണുതയോടെ സമൂഹം (രക്ഷകര്‍ത്താക്കള്‍) ഗുസ്തിക്കെത്തുന്നു. ഒടുവില്‍ അസ്വസ്ഥതയുണ്ടാക്കുന്ന മാറ്റങ്ങളെ തിരസ്കരിച്ച്‌ സമൂഹം പരസ്പരം കോപ്പിയടിക്കുന്ന ഏഴു ദിവസങ്ങളുടെ സ്വാസ്ഥ്യത്തിലേയ്ക്ക്‌ മടങ്ങുന്നു. വിദ്യാര്‍ത്ഥികളെ തിരിച്ചെടുക്കുന്നു. കോപ്പിയടി നിലനിര്‍ത്തുന്നു. ഈ ആശയത്തെ തലച്ചോറിലെ വ്യാഖ്യാതാവില്‍നിന്നും, നെഞ്ചിലെ വികാരങ്ങളുള്ള പച്ചമനുഷ്യനിലേയ്ക്ക്‌ ഇറക്കിക്കൊണ്ടുവരാന്‍ ആഖ്യാന ശൈലിക്ക്‌ കഴിയാതെ പോയി. കുറേയേറെ നല്ല വരികള്‍ ഉണ്ടായിട്ടും 'ഉന്നങ്ങള്‍' എന്ന കവിത മികച്ച ഒരു വായനാനുഭവമാവാത്തത്‌ താരതമ്യേന അപ്രസക്തമായ വരികള്‍ എഡിറ്റുചെയ്ത്‌ മാറ്റി വായനക്കാരന്റെ ശ്രദ്ധയെ കവിതയുടെ കാതലിലേയ്ക്ക്‌ കേന്ദ്രീകരിക്കാന്‍ കഴിയാതെ പോയതിനാലാണ്‌.

ദര്‍ശനപരമായ ഒരു തരം തുലനം, മറ്റേതൊരു കലാസൃഷ്ടിയുടെ കാര്യത്തിലുമെന്ന പോലെ കവിതയുടെയും ആസ്വാദനത്തെ നേരിട്ട്‌ ബാധിക്കുന്ന ഘടകമാണ്‌. കവിത വികാരങ്ങളില്‍ നിന്നുള്ള മോചനമാണെന്ന എലിയട്ടിയന്‍ വാദം സൂചിപ്പിക്കുന്നതും ഇതു തന്നെ. കവിയെ സൃഷ്ടിയിലേക്ക് നയിക്കുന്ന വികാരങ്ങളും പാരായണത്തിലൂടെ ആസ്വാദകന്‍ അനുഭവിക്കേണ്ട വികാരങ്ങളും തമ്മിലുള്ള തുലനം സാദ്ധ്യമാവണമെങ്കില്‍ കവിതയെ കവിയുടെ വികാരങ്ങളില്‍നിന്ന് സ്വതന്ത്രമാക്കണമെന്ന് അദ്ദേഹം വിശ്വസിച്ചു. കവിതയുടെ സ്വരത്തിലും(റ്റോണ്‍) മറ്റും നടത്തുന്ന വിഘടനങ്ങളിലൂടെ വിഘ്യാതരായ പല കവികളും ഇത്തരം ഒരു തുലനം നേടിക്കണ്ടിട്ടുണ്ട്‌. 'തിരുപ്പൂര്‍' എന്ന കവിതയില്‍ നഗരമെന്ന പ്രതീകത്തെ അതിന്റെ ഇരകള്‍ എന്നു പറയപ്പെടുന്നവരോടൊപ്പം നിന്നു മാത്രം നോക്കിക്കാണുന്നു കവി. ഇത്‌ കവിത മുന്നോട്ടു വയ്ക്കുന്ന ദര്‍ശനത്തെ ഒരു കോണിലേയ്ക്ക്‌ ചുരുക്കുന്നുണ്ട്‌. നഗരവും നാഗരികനും, സൃഷ്ടിയും സൃഷ്ടാവുമെന്ന നിലയിലുള്ള തങ്ങളുടെ അസ്തിത്വത്തെ നിരന്തരം വച്ചുമാറുന്നുണ്ട്‌. ഈ പ്രതിപ്രവര്‍ത്തനം പരിഗണിക്കാത്ത ഒരു നഗരവീക്ഷണം പൂര്‍ണ്ണമാകുന്നില്ല.

താരതമ്യേനെ ഋജുവായ ഒരു ആഖ്യാന സമ്പ്രദായം പിന്തുടരുന്ന കവി എന്ന നിലയില്‍ കരുത്തിനോടൊപ്പം ചില ദൗര്‍ബല്യങ്ങളും ആര്‍ജ്ജിക്കുന്നുണ്ട്‌ വിഷ്ണു. ഒരു മികച്ച കവിതയിലെ ബിംബങ്ങള്‍ അവയുടെ പാരസ്പര്യത്തിലൂടെ അന്യോന്യം നവീകരിക്കേണ്ടതുണ്ട്‌. 'കുളം+പ്രാന്തത്തി' എന്ന കവിതയില്‍ ഈ രണ്ടു പ്രമുഖ ബിംബങ്ങളും പ്രമേയവികാസത്തിന്റെ ഒരു ഘട്ടം കഴിയുമ്പൊഴേയ്ക്കും രണ്ടു പ്രതീകങ്ങളായി വളരുന്നതു കാണാം. 'തണുത്ത കൈപ്പടത്തി'ലെ പണിയനും, 'പുഴവരക്കുന്ന'തിലെ പുഴയുമൊക്കെ തങ്ങളുടെ കേവലാസ്തിത്വം വിട്ട്‌ പല മാനങ്ങളിലേയ്ക്ക്‌ വളരുന്നുണ്ട്‌. എന്നാല്‍ മറ്റു ചില രചനകള്‍ വായനയുടെ ഒരു തലത്തിലേയ്ക്ക്‌ മാത്രമായി ചുരുങ്ങിപ്പോകുന്നതായും കാണുന്നു.

എഴുത്തില്‍ ഇത്രത്തോളം വൈവിധ്യമുണ്ടായിരുന്നിട്ടും, ഘടനയിലും, ഉള്ളടക്കത്തിലും ഒരുപോലെ നിഷ്കര്‍ഷയുണ്ടായിരുന്നിട്ടും, തന്റെ ബ്ലോഗ്‌ പൂട്ടിക്കെട്ടുന്നതിനെക്കുറിച്ച്‌ ഒരിക്കല്‍ തമാശയായെങ്കിലും വിഷ്ണുവിന് സൂചിപ്പിക്കേണ്ടിവന്നു എന്നത് ബൂലോകകവിതാസ്വാദനത്തെ കുറിച്ച്‌ ആശാസ്യമായൊരു ചിത്രമല്ല തരുന്നത്‌. എങ്കിലും ഇത്തരം ഒരു മാധ്യമം ബാലാരിഷ്ടതകള്‍ അതിജീവിച്ച്‌ മുന്നോട്ടു പോകുന്നുവെങ്കില്‍ അത്‌ വിഷ്ണുവിനെപ്പോലെ ഒരു പിടി കവികളിലൂടെ തന്നെ ആയിരിക്കും.

32 comments:

പരമു said...

വിഷ്ണുപ്രസാദിന്റെ രചനകളെ വിലയിരുത്താനുള്ളൊരു ശ്രമം..

Unknown said...

വിഷ്ണു പ്രസാദിന്‍ റെ കവിതകളുടെ വിലയിരുത്തലുകള്‍ വായിച്ചു. നന്നായി.
ചില കാര്യങ്ങളില്‍ അതിശയോക്തി കലര്‍ത്തിയെങ്കിലും വളരെ ശ്രദ്ധിക്കേണ്ടുന്ന ഒരു കവിതന്നെയാണ് വിഷ്ണുപ്രസാദ് എന്നതില്‍ തര്‍ക്കമില്ല.
എങ്കില്‍ വിലയിരുത്തലുകള്‍ പൂര്‍ണ്ണമല്ലെന്ന് എനിക്ക് തോന്നുന്നു.

കവിതയുടെ പോസറ്റീവ് വശം പറയുമ്പോഴും കവിയുടെ ഉന്നമെന്തെന്നും, കവിതകളില്‍ ആവിഷ്കരിക്കുന്ന കവിതയുടെ ഭാഷ എങ്ങിനെ ഇന്നത്തെ കവിതയുമായി അടുത്തു നില്‍ക്കുന്നു, കവി ഒരു കവിതയില്‍ നിന്ന് അടുത്ത കവിതയിലേക്ക് കുടിയേറുമ്പോള്‍ കവിക്കും കവിതയുക്കുമുണ്ടാകുന്ന മാറ്റം എന്നിങ്ങനെ യുള്ള ചില അനിവാര്യമായ കണ്ടെത്തെലുകളില്‍ താങ്കള്‍ എത്തിയില്ലെന്ന് ഞാന്‍ സംശയിക്കുന്നു.
വിശദമായ കുറിപ്പ് പിന്നീട്

സുനില്‍ ജി കൃഷ്ണന്‍ISunil G Krishnan said...

ആവശ്യമായിരുന്ന ഉദ്യമം.
തുടരുമല്ലോ.

വിശാഖ് ശങ്കര്‍ said...

ലേഖനം അതിന്റെ ലക് ഷ്യം കണ്ടുതുടങ്ങിയെന്നു തോന്നുന്നു.ഇത്തരം ക്രിയാത്മകമായ ചര്‍ച്ചകള്‍ ബൂലോകത്ത് തീര്‍ച്ചയായും നടക്കേണ്ടതുണ്ട്.
ലേഖനത്തില്‍ ഒരിടത്തും അതിശയോക്തി കലര്‍ന്നിരുന്നതായി എനിക്ക് തോന്നിയില്ല.
വിഷ്ണുവിന്റെ കവിതകളുടെ പോസിറ്റീവും,നെഗറ്റീവുമായ വശങ്ങളെ ഇവിടെ ചര്‍ച്ച ചെയ്തിരുന്നു.അവയിലെ ഭാഷയുടെ സമകാലിക പ്രസക്തിയും വിശ്ദമായി ഒരു പക്ഷേ ചര്‍ച്ച ചെയ്തില്ലെങ്കിലും സൂചിപ്പിച്ചിട്ടുണ്ട് എന്നാണ് എനിക്കു തോന്നുന്നത്.
എന്തായാലും രാജുവിനൊപ്പം ഞാനും ചേര്‍ന്ന് ഒരു ചര്‍ച്ചയ്ക്കു തുടക്കമിടുന്നു...

പരാജിതന്‍ said...

പരമു,
ലേഖനം വായിച്ചു. അഭിനന്ദനങ്ങള്‍. ഒന്നുകൂടി വിശദമായി നോക്കിയിട്ടു വീണ്ടും കമന്റുന്നതായിരിക്കും.

പാസിന്റെ കവിതയുടെ പരിഭാഷ എന്റെ ബ്ലോഗില്‍ നിന്നെടുത്തതാണെങ്കില്‍ ഒരു കടപ്പാട്‌ സൂചിപ്പിക്കേണ്ടിയിരുന്നില്ലേ? മറന്നതാണോ?

പരമു said...

രാജു,സുനില്‍,വിശാഖ്,പരാജിതന്‍.. നന്ദി,വായിച്ചതിനും അഭിപ്രായമറിയിച്ചതിനും..
രാജു, ബൂലോകത്ത് ഇത്തരമൊരു ചര്‍ച്ചയ്ക്ക് തുടക്കമിടുകയായിരുന്നു,ഉദ്ദേശം. അത് നടക്കുന്നതില്‍ സന്തോഷം. അതിശയോക്തി എവിടെയെന്ന് മനസ്സിലാവുന്നില്ല. വിഷ്ണുവിന്റെ കവിതകളില്‍ ഞാന്‍ കണ്ട നെഗറ്റീവ് വശങ്ങളും പറയാന്‍ ശ്രമിച്ചിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം. ‘കവി ഒരു കവിതയില്‍നിന്നും അടുത്ത കവിതയിലേക്ക് കുടിയേറുമ്പോള്‍’ ഉണ്ടാവുന്ന മാറ്റങ്ങളെ വിശകലനം ചെയ്യണമെങ്കില്‍ കവിതകളുടെ കാലഗണന സാധ്യമാവണം. ബ്ലോഗിലാവട്ടെ മിക്കവരും ഈയൊരു ക്രമത്തിലല്ല കവിത പോസ്റ്റ് ചെയ്യുന്നത്. ആഗ്രഹമില്ലാഞ്ഞിട്ടല്ല എന്നു ചുരുക്കം. വിശദമായ കുറിപ്പ് പ്രതീക്ഷിക്കുന്നു. ചര്‍ച്ച തുടരാം..
പരാജിതാ ക്ഷമിക്കണം..വിട്ടു പോയതാണ്.എഡിറ്റ് ചെയ്ത് ചേര്‍ത്തു കഴിഞ്ഞു..

Unknown said...

പരമു,
ഇന്ന് എന്‍ റെ സമയം കഴിഞ്ഞു പോയി. എന്തായാലും ഞാന്‍ പ്രിന്‍ റ് എടുത്ത് വായിക്കുന്നു. ഒപ്പം വിഷ്ണുവിന്‍ റെ കവിതകളും.
വിശദമായി നമുക്ക് ചര്‍ച്ചചെയ്യാം എന്ന് തോന്നുന്നു. ആരോഗ്യകരമായ ചര്‍ച്ചയാണ് ഉദ്ദേശ്യം. ആരെയും പഴി പറയുവാനൊ ഒന്നുമല്ലെന്ന് ചുരുക്കം. ചിലരെങ്കിലും അതിന് തയ്യാറാണെന്ന് അറിയുമ്പോള്‍ തീര്‍ച്ചയായും സന്തോഷമുണ്ട്.

Inji Pennu said...

വളരെ നന്നായിട്ടുണ്ട്. വളരെ നല്ല ഉദ്യമം! ഇങ്ങിനെയുള്ളതു ഇനിയും പോരട്ടെ..നന്നായി ഇഷ്ടപ്പെട്ടു. വിഷ്ണുമാഷിന്റെ കവിതകള്‍ ഒക്കെ പോയി ഒന്നും കൂടെ ഇതും സൈഡില്‍ വെച്ച് വായിക്കാന്‍ തോന്നുന്നു. നന്ന്!

തറവാടി said...

വായിച്ചു

നന്നായിട്ടുണ്ട്.

കാളിയമ്പി said...

കൊള്ളാലോ പരമുമാഷേ
നേരത്തേ പറയേണ്ടിയിരുന്നതാണ്..കണ്ടില്ല..

“എഴുത്തില്‍ ഇത്രത്തോളം വൈവിധ്യമുണ്ടായിരുന്നിട്ടും, ഘടനയിലും, ഉള്ളടക്കത്തിലും ഒരുപോലെ നിഷ്കര്‍ഷയുണ്ടായിരുന്നിട്ടും, തന്റെ ബ്ലോഗ്‌ പൂട്ടിക്കെട്ടുന്നതിനെക്കുറിച്ച്‌ ഒരിക്കല്‍ തമാശയായെങ്കിലും വിഷ്ണുവിന് സൂചിപ്പിക്കേണ്ടിവന്നു എന്നത് ബൂലോകകവിതാസ്വാദനത്തെ കുറിച്ച്‌ ആശാസ്യമായൊരു ചിത്രമല്ല തരുന്നത്‌“

ഇതില്‍ മാത്രം അല്‍പ്പം വിയോജിപ്പുണ്ട്

കവിത ആസ്വദിയ്ക്കുന്ന ഒരാളെങ്കിലുമുണ്ടെങ്കില്‍ അതു പങ്കുവയ്ക്കപ്പെടും.
അത് അവനവന്‍ ആയാലും ...
കവിത എന്നത് ഭാഷയുടെ ധ്യാനാത്മകതയാണ്.അത് ചിലപ്പോല്‍ കവി എന്ന ഉപകരണത്തേയും അതിശയിയ്ക്കുന്നു.അതു കൊണ്ട് തന്നെ ബ്ലോഗ് പൂട്ടുന്നതും മറ്റും അതിന്റേതായ ചില ബിംബകല്‍പ്പനകളിലൂടെ വായിച്ചാല്‍ നന്നായിരിയ്ക്കുമെന്നു തോന്നുന്നു.

ബൂലോകം എന്നൊരു കൂട്ടായ്മയോ സമൂഹമോ ഒന്നുമില്ല.(പൊതു സമൂഹങ്ങള്‍ തന്നെ മനശാസ്ത്രപരമായി നോക്കിയാല്‍ വളരെ കുഴപ്പിയ്ക്കുന്ന ഒരു സങ്കല്‍പ്പമാണ്.:) ഈ സമൂഹത്തെ നമ്മള്‍ എങ്ങനെ നിര്‍വചിയ്ക്കും..ഇന്റെര്‍നെറ്റില്‍ യൂണികോഡുപയോഗിച്ചെഴുതുന്ന മലയാളികളെന്നോ? അങ്ങനെയെങ്കില്‍ പേന ഉപയോഗിയ്ക്കുന്നവര്‍ക്കൊരു സമൂഹമുണ്ടാവുമല്ലോ? അല്ലെങ്കില്‍ ഡീ സി ബുക്സില്‍ നിന്ന് പുസ്തകങ്ങള്‍ വാങ്ങുന്നവരുടേ സമൂഹം..ശരിയാണ് ..ഉണ്ട് എന്നതാണ് അതിന്റെ രസവും..

(സൌഹൃദങ്ങളുണ്ടാകുന്നത് വേറൊരു തലത്തിലാണ്..അതിനേയുമിതിനേയും ചേര്‍ത്തുവായിയ്ക്കരുത്.)

വിഷ്ണുമാഷിന്റെ കവിതകള്‍ കുറച്ചുപേരില്‍ ഒതുങ്ങിനില്‍ക്കുന്ന ഒന്നാവരുത്..അത് മാത്രമല്ല ഇവിടേയുള്ള നല്ലതായുള്ളതൊന്നും.

പൊതുസമൂഹം ബ്ലോഗിലേയ്ക്കോ ബ്ലോഗ്ഗ് പൊതുസമൂഹത്തിലേയ്ക്കോ കടന്നു ചെല്ലുകതന്നെ ചെയ്യും..അല്ലെങ്കിലിത് മനകളിലും തറാവാടിന്റെ അങ്കണത്തിലുമൊതുങ്ങിപ്പോയ ചില വരേണ്യകലകളേപ്പോലെ മണ്ണടിയും.

(ഓഫായിപ്പോയി അല്ലേ..ക്ഷമിയ്ക്കൂ):)

രാജ് said...

പരമുവിന്റെ വായനയുടെ ഉള്‍ക്കാഴ്ചകള്‍ വിഷ്ണുമാഷിന്റെ കവിതകള്‍ക്കു വളരെ പൂര്‍ണ്ണമായൊരു അര്‍ഥതലം നല്‍കുന്നു. ഈ ലേഖനം വളരെ നന്നായിരുന്നു, കവിതകളെ കുറിച്ചു സൂചിപ്പിക്കുമ്പോള്‍ അവയുടെ ലിങ്ക് കൊടുക്കുന്നതു തുടര്‍ന്നുവരുന്ന വായനക്കാരെ ഏറെ സഹായിക്കും (ഹൈപ്പര്‍ലിങ്കിങിന്റെ അനന്തസാധ്യതകളെ ബ്ലോഗിലെങ്കിലും കുറച്ചു കാണരുതു്).

Unknown said...

Ente keyman work cheyyunnilla.. Kshamikkuka.
ITHARAMORU SHRAMAM VALARE NALLATH ENNU PARAYUNNU.

ATHODOPPAM VISHNUVINTE ADUTHIDEYULLA KAVITHAKALIL VANNA MAATATHEKKURICH PARAAMARSIKKANJATHIL PARIBHAVAMUND THAANUM.

KURACHU VAAKKUKALIL KOODUTHAL PARAYAANULLA ORU REETHI VISHNUVINTE PAZHAYA KAVITHAKALIL UNDAYIRUNNATHALLA.

ETHAANU NALLATHENN ENIKKARIYILLA. PAKSHE EE MATAM PARAMARSHIKKAMAYIRUNNU.

വല്യമ്മായി said...

ഇത്തരം നല്ല ചര്‍ച്ചകള്‍ക്ക് ബൂലോകം വേദിയാകുന്നതില്‍ സന്തോഷം.വിഷ്ണു മാഷിന്റെ ഒരോ കവിതയിലും പ്രകൃതിയോടുള്ള അടുപ്പം തെളിഞ്ഞു കാണാം.പെരിങ്ങോടന്‍ പറഞ്ഞ പോലെ ലിങ്ക് കൊടുത്തിരുന്നെങ്കില്‍ വിഷ്ണുവിന്റെ കവിതകള്‍ ഓര്‍മ്മയിലില്ലാത്തവര്‍ക്ക് സഹായമാകുമായിരുന്നു.ഇത്തറം ചര്‍ച്ചകളിലൂടെ ബൂലോഗത്തെ പ്രതിഭാധനര്‍ ശ്രദ്ധിക്കപ്പെടട്ടെ എന്നാശംസിക്കുന്നു.

Anonymous said...

പ്രിയ പരമു, ഈ ആസ്വാദനപരമ്പരയ്ക്ക് ആശംസകള്‍. വിഷ്ണുവേട്ടന്റെ കവിതകളെ നന്നായി തന്നെ അവതരിപ്പിച്ചിരിക്കുന്നു. എന്നെ പോലുള്ള തുടക്കക്കാര്‍ വിഷ്ണുവേട്ടന്റെ കവിതയില്‍ കാണാതെ പോയ പല സംഗതികളും താങ്കള്‍ വിശകലം ചെയ്തിരിക്കുന്നു.

Anonymous said...

*വിശകലനം -> തിരുത്ത്.
പെരിങ്ങോടന്‍ പറഞ്ഞത് പോലെ ഹൈപ്പര്‍ ലിങ്ക് നല്ലതായിരിക്കും.

പരമു said...

അമ്പീ, നന്ദി, വായനയ്ക്കും കുറിപ്പിനും.
കുഴപ്പിക്കുന്നതായാലും അല്ലെങ്കിലും പൊതുസമൂഹവും അതിനുള്ളിലെ എണ്ണമറ്റ ആന്തരികസമൂഹങ്ങളും (താങ്കള്‍ പറഞ്ഞതു പോലെ ഡിസി ബുക്സില്‍ നിന്ന് പുസ്തകം വാങ്ങുന്നവരുടെയും,കെ എസ് ആര്‍ ടി സി - തീവണ്ടി യാത്രക്കാരുടെയും ഉള്‍പ്പെടെ)നിലനില്‍ക്കുക തന്നെ ചെയ്യുന്നുണ്ട്. സമൂഹമെന്നത് പൊതുവായൊരു ലക്ഷ്യം മുന്‍ നിര്‍ത്തി സഹവര്‍ത്തിക്കുന്നവരുടെ ഒരു കൂട്ടമാണ്. അതുകൊണ്ട് തന്നെ ബൂലോകം എന്നൊരു സമൂഹവും നിലനില്‍ക്കുന്നുണ്ട്.
ആസ്വാദനത്തെക്കുറിച്ച് താങ്കള്‍ പറഞ്ഞതിനോട് ഞാനും യോജിക്കുന്നു. പക്ഷേ അത് മാത്രമല്ല സത്യം. ആസ്വദിക്കുന്ന ഒരാളൊ അവനവന്‍ തന്നെയോ ആയാലും കവിത പങ്കു വെക്കപ്പെടുമെന്നത് സത്യം. പക്ഷേ കവിതയ്ക്ക് സാമൂഹികമായ ചില ഉത്തരവാദിത്തങ്ങള്‍ കൂടി നിറവേറ്റേണ്ടതായിട്ടുണ്ട്. കേവലമായ അകം കവിതയില്‍ നിന്ന് വിസ്തൃതമായ ചരിത്രസ്ഥലത്തേക്ക് അതിന് വളരേണ്ടതുണ്ട്. അതായത് എഴുത്തിന്റെ വികാസത്തില്‍ വായനയ്ക്കും മറിച്ചും ഗണനീയമായ ഒരു പങ്ക് വഹിക്കാനുണ്ട്. ഒരു സമൂഹം അതിന്റെ കവിയെ സൃഷ്ടിക്കുന്നു. കവി തിരിച്ചും. ഈയൊരു സാഹചര്യത്തിലാണ് ബൂലോകം എന്ന ലോകവും അവിടത്തെ ആസ്വാദനപ്രവണതകളും പ്രസക്തമാവുന്നത്. ബൂലോകം ഇന്നല്ലെങ്കില്‍ നാളെ പൊതു സമൂഹത്തിലേക്ക് ഇറങ്ങി ചെല്ലുമെന്ന് തന്നെ ഞാനും വിശ്വസിക്കുന്നു.

പെരിങ്ങോടാ നന്ദി..
ലിങ്കിന്റെ സാങ്കേതികത തത്കാലം വശമില്ല. പഠിച്ചു ചെയ്യാന്‍ ശ്രമിക്കാം.

അനിയന്‍സ്, നന്ദി..
പഠനത്തിന്റെ ഡ്രാഫ്റ്റ് പ്രസ്തുത കവിതകള്‍ വരും മുന്‍പെ തയ്യാറാക്കിയതാണ്. സെര്‍വര്‍ പിശാചിന്റെ ശല്യവും മറ്റും കാരണം പോസ്റ്റ് ചെയ്യാന്‍ വൈകിയെന്നു മാത്രം.
വിഷ്ണുവിന്റെ പുതിയ കവിതകള്‍ ശ്രദ്ധിച്ചിരുന്നു. ഒരു കുറിപ്പിടണമെന്ന് കരുതുകയും ചെയ്തു.
അത് തീര്‍ച്ചയായും ചെയ്യാം, ഏറെ വൈകാതെ.

പരമു said...

ലോനപ്പാ, നന്ദി.. വീണ്ടും ഈ വഴി വന്നതിനും വായിച്ചഭിപ്രായം പറഞ്ഞതിനും..

വല്യമ്മായീ നന്ദി..

നേരത്തെ പറഞ്ഞതുപോലെ ലിങ്ക് സാങ്കേതികത പഠിച്ച് പ്രയോഗിക്കാന്‍ ശ്രമിക്കാം..

പരാജിതന്‍ said...

പരമു, ഈ ലേഖനം കണ്ട്‌ വല്ലാത്ത സന്തോഷമാണ്‌ തോന്നിയത്‌. വിഷ്ണുവിന്റെ കവിത അര്‍ഹിക്കുന്ന നിലവാരം ഇതിനുണ്ടാകുമോ എന്നൊരു ശങ്കയുണ്ടായിരുന്നു എന്ന് തുറന്നു പറയട്ടെ. വായിച്ചപ്പോള്‍ അത്‌ നീങ്ങി, പൂര്‍ണ്ണമായും. ഏറെ നന്ദി.

വിഷ്ണു നമുക്കെല്ലാം പരിചിതനാണ്‌. ആരു മെയിലയച്ചാലും നിറഞ്ഞ ചിരിയോടെ മറുകുറിയിടുന്ന സൗഹൃദപ്രിയനാണ്‌. അതുകൊണ്ട്‌ തന്നെ അദ്ദേഹത്തോട്‌ സംസാരിക്കുമ്പോള്‍ മനസ്സിലുള്ള ആദരവ്‌ പുറത്തുകാണിക്കാറില്ല ഞാന്‍. പക്ഷേ ആ ആദരവിന്‌ ഒരു കാലത്തും കോട്ടം തട്ടുകയുമില്ല. അത്രയ്ക്ക്‌ ശക്തമാണ്‌ വിഷ്ണുവിന്റെ എഴുത്തിന്റെ സംവേദനം.

കവിതകളെപ്പറ്റിയുള്ള നിരീക്ഷണങ്ങളെല്ലാം തന്നെ കൃത്യമെന്നു തോന്നി. 'തിരുപ്പൂരി'നെപ്പറ്റിയുള്ള പരാമര്‍ശത്തിലുള്ള വിയോജനസ്വരത്തോട്‌ യോജിക്കുകയും ചെയ്യുന്നു. അതിന്റെ കടുംവര്‍ണ്ണം ശ്രദ്ധിച്ചിരുന്നു, അന്നു തന്നെ. എങ്കിലും, 'കാക്കയുടെ പിന്നില്‍ ഒരു ചൂലു വച്ചുകെട്ടിക്കൊടുത്തിട്ട്‌ മാറി നിന്ന് അതിനെ മയിലെന്നു വിളിക്കാ'നുള്ള വാസന കാണിക്കുന്ന കെ.ജി.എസ്സിനെപ്പോലെ ആഴമുള്ള നിസ്സംഗത പുലര്‍ത്തുന്നുണ്ട്‌, വിഷ്ണുവും, പല കവിതകളിലും. "ക്യാരിബാഗുകള്‍ക്ക്‌ സൗജന്യ ആകാശയാത്ര തരപ്പെടുത്തിക്കൊടുക്കുകയും ഉമ്മവച്ചു ചുണ്ടു പൊട്ടിക്കുകയു'മൊക്കെ ചെയ്യുന്ന കാറ്റിനെക്കുറിച്ചുള്ള 'കീര്‍ത്തനം' ഒരുദാഹരണം.

ഏറെ രസകരമായി നിരീക്ഷിച്ചിട്ടുള്ള ഒന്ന് ഉള്‍ക്കാഴ്ച നിറഞ്ഞ നിര്‍വ്വചനങ്ങള്‍ സൃഷ്ടിക്കാനുള്ള വിഷ്ണുവിന്റെ അസാമാന്യമായ കഴിവിനെയാണ്‌. 'മുറിയിലുള്ളത്‌' എന്ന കവിത നോക്കൂ: "ജീവനുള്ളതിനെ സംബന്ധിച്ച്‌ ജീവനില്ലാത്തത്‌ ശവം. ജീവനില്ലാത്തതിനെ സംബന്ധിച്ച്‌ ജീവനുള്ളത്‌ ശവം" എന്നു നമ്മെ അമ്പരപ്പിക്കും വിധം നിര്‍വചിക്കുന്നു. "ഞാന്‍ എന്ന ശവത്തിന്റെ ശവം, ഈ മുറിയില്‍ ഇനി അതു മാത്രമെയുള്ളൂ" എന്ന തൊട്ടടുത്ത വരിയിലാകട്ടെ, ആ നിര്‍വചനത്തിന്റെ സ്ഫടികമറ തകര്‍ത്ത്‌ വായിക്കുന്നവന്റെ നെഞ്ചിലേക്ക്‌ ഇരമ്പിയെത്തുന്നു, സാക്ഷാല്‍ കവിത.

ഘടനാപരമായ ചില പോരായ്മകളാല്‍ (എന്നെ സംബന്ധിച്ചിടത്തോളം) സംവേദനം നേര്‍ത്തു പോയി എന്നു തോന്നിയിട്ടുള്ള ചില കവിതകളുമുണ്ട്‌. 'കവിത എന്ന നിയമലംഘനപ്രസ്ഥാനം' ഒരുദാഹരണം. എങ്കിലും അവയില്‍ പലതും, മൂക്കിന്റെ വക്കു പൊട്ടിപ്പോയ, ഏതോ പൗരാണികശില്‌പങ്ങളെന്നോണം മനസ്സില്‍ ഇടം പിടിയ്ക്കും.


ഒരു പാടെഴുതിപ്പോയോ? ഒരിക്കല്‍ കൂടി ഈ ലേഖനത്തിന്‌ പിന്നിലെ അധ്വാനത്തിന്‌ നന്ദി പറയുന്നു.

പരാജിതന്‍ said...

ഒരു ഓഫ്‌ ടോപിക്‌:
അംബിയുടെ കമന്റിലെ അവസാനഖണ്ഡികയ്ക്ക്‌ ഒരു സല്യൂട്ട്‌!

പരമു said...

പരാജിതാ, പഠനത്തിന് ഒരു അനുബന്ധം തീര്‍ത്തു താങ്കളുടെ കുറിപ്പ്. ഇതു തന്നെയാണ് ഉദ്ദേശിച്ചതും. ഈ ചര്‍ച്ച ഇനിയും കൂടുതല്‍ പേര്‍ ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. വിഷ്ണുവിന്റേത് പോലുള്ള വിശാലമായ ഒരു രചനാലോകത്തിന്റെ കരുത്ത് പൂര്‍ണമായും തുറന്നുകാട്ടാനായി എന്ന് ഞാന്‍ കരുതുന്നില്ല. ആ ചുമതല താങ്കളെ പോലെ കവിതയെ സ്നേഹിക്കുന്ന ബൂലോകര്‍ക്ക് വിടുന്നു.

ഗുപ്തന്‍സ് said...

വിഷ്ണുമാഷിന്റെ ഏതാനും കവിതകള്‍ വായിച്ചിട്ടുണ്ട്‌...മുഴുവന്‍ വായിയ്ക്കാന്‍ സാധിച്ചിട്ടില്ല..വായിച്ചപ്പോള്‍ ഒന്നു മനസ്സിലായി..ബ്ലോഗിന്റെ പേര്‌ അന്വര്‍ത്‌ഥമാകുന്ന വിധത്തിലുള്ള ചിന്താസരണികള്‍......

അദ്ദേഹത്തിന്റെ പ്രതിഭാഷയിലൂന്നിയുള്ള വിലയിരുത്തലുകള്‍ പലപ്പോഴും നാം ഹൃദിസ്ഥമാക്കിവെച്ചിരുന്ന പലതിനേപ്പറ്റിയും ഒരു പുനര്‍വിചിന്തനത്തിന്‌ പ്രേരിപ്പിച്ചിട്ടുണ്ടെന്നുള്ളത്‌ തന്നെ അംഗീകാരത്തിന്റെ സാക്ഷ്യപത്രമാണ്‌....അദ്ദേഹം ഈ പന്ഥാവിലൂടെ ഇനിയും ബഹുദൂരം മുന്നേറട്ടെ എന്നാശംസിയ്ക്കുന്നു...

ഇങ്ങനെയൊരു ഉദ്യമം നടത്തിയ പരമുവിനും അഭിനന്ദനങ്ങള്‍....

chithrakaran:ചിത്രകാരന്‍ said...

പരമു..........!!!!!!!!
ഉഗ്രന്‍.
ഇങ്ങിനെയുള്ള ബ്ലൊഗുകളിലാണ്‌ മലയാള ബൂലൊകത്തിന്റെ വശ്യ മനോഹാരിത പ്രകടമാകുന്നത്‌. പരമു... നന്ദി !! ആവര്‍ത്തിച്ചുള്ള വായനക്ക്‌ വീണ്ടും വരാം.

പരമു said...

കൊച്ചുഗുപ്താ, ചിത്രകാരാ...
ഇതു വഴി വന്നതിലും പ്രതികരിച്ചതിലും ഏറെ സന്തോഷം. തുടര്‍ന്നും പ്രതീക്ഷിക്കുന്നു.

കണ്ണൂസ്‌ said...

പരമു, ബ്ലോഗില്‍ വളരെ ആവശ്യമായതും മറ്റാരും ഇതു വരെ ചെയ്യാന്‍ മെനക്കെടാതിരുന്നതുമായ ഈ ഉദ്യമത്തിന്‌ ആദ്യമായി അഭിനന്ദനങ്ങള്‍. അതിനായി തെരഞ്ഞെടുത്ത ബ്ലോഗും വളരെ ഉചിതമായി. ഉള്ളടക്കത്തിന്റെ കനമും, കവിതകളുടെ എണ്ണവും വെച്ചു നോക്കുമ്പോള്‍ വിഷ്ണു മാഷുടെ ബ്ലോഗ്‌ തന്നെയാണ്‌ പ്രഥമപരിഗണനക്ക്‌ വരേണ്ടത്‌ എന്നതില്‍ സംശയമില്ല.

മറ്റുള്ളവര്‍ കാണാത്തകാര്യം കാണുന്നതിനെ ഭാവന എന്നും, അത്‌ മറ്റുള്ളവര്‍ക്ക്‌ മനസ്സിലാവുന്ന ഭാഷയില്‍ സംവദിക്കുന്നതിനെ പ്രതിഭ എന്നും നിര്‍വചിക്കാമെന്ന് ഹൈസ്‌കൂള്‍ ക്ലാസ്സില്‍ മലയാളം മാഷ്‌ പഠിപ്പിച്ചത്‌ പൂര്‍ണ്ണമായും അന്വര്‍ത്ഥമാക്കുന്ന കവിതകളാണ്‌ വിഷ്ണുമാഷുടേത്‌. ഈ രണ്ടു കാര്യം കൊണ്ടും സമ്പുഷ്ടമാണ്‌ അദ്ദേഹത്തിന്റെ മിക്ക കവിതകളും. വിഷയങ്ങളുടെ വൈവിധ്യവും, ഭാഷയിലുള്ള അവധാനതയും കൊണ്ട്‌ അവ വായനക്കാരില്‍ ഒരു സ്വാധീനവും ചെലുത്തുന്നു. കവിതക്കായി സ്വീകരിക്കുന്ന ബിംബങ്ങളില്‍, നിനച്ചിരിക്കാത്ത ബിന്ദുക്കളില്‍ അദ്ദേഹം സൃഷ്ടിക്കുന്ന ട്വിസ്റ്റ്‌ ആണ്‌ പലപ്പോഴും അദ്ദേഹത്തിന്റെ കവിതകളെ വ്യത്യസ്തമാക്കുന്നത്‌ എന്ന് എനിക്ക്‌ തോന്നിയിട്ടുണ്ട്‌.

സമകാലിക കവിതകളെപ്പോലെ, 'കമ്പോളവത്‌കൃത മൂല്യബോധത്തിനു നേരെയുള്ള കറുത്തചിരി'യായി വിഷ്ണുപ്രസാദ്‌ കവിതകളേയും കരുതാമോ എന്ന് എനിക്ക്‌ സംശയമുണ്ട്‌. ഒരു പരിധിവരെ, കമ്പോളവത്‌കരണത്തിന്റെ അനിവാര്യതയുമായി സമരസപ്പെട്ട സ്വരമാണ്‌ ഈ കവിതകളില്‍ കാണുന്നതെന്നാണ്‌ എനിക്ക്‌ തോന്നിയിട്ടുള്ളത്‌. പരമു ചൂണ്ടിക്കാട്ടിയ ശേഷി തന്നെ ഞാന്‍ വായിച്ചത്‌, തികച്ചും വ്യത്യസ്തമായ ഒരു കോണിലൂടേയാണ്‌. അവസാനത്തെ രണ്ടു വരികള്‍ ഞാന്‍ കൂട്ടിവായിച്ചത്‌, അതിനു തൊട്ടു മുന്‍പിലെ 'കരയുന്ന കുഞ്ഞിനേ പാലുള്ളൂ എന്ന പ്രമാണ'ത്തില്‍ അധിഷ്ഠിതമായുമാണ്‌. അതുകൊണ്ടു തന്നെ കവിതയുടെ ദര്‍ശനവും ശേഷി എന്ന തലക്കെട്ടും ഞാന്‍ കണ്ടത്‌ കമ്പോളവത്‌കരണത്തെക്കുറിച്ചുള്ള കവിയുടെ കാഴ്ച്ചപ്പാടായാണ്‌. മൂല്യബോധം എന്നതിന്‌ സാംസ്കാരികമായ മൂല്യം എന്ന അര്‍ത്ഥമാണ്‌ പരമു വിവക്ഷിച്ചതെങ്കില്‍, ശരിയായിരിക്കും. കബേണ്‍ പാര്‍ക്ക്‌ പോലുള്ള കവിതകള്‍ അത്‌ ശരി വെക്കുന്നുണ്ട്‌.

ഇതിനോട്‌ ചേര്‍ത്ത്‌ വായിക്കാവുന്ന ചില കവിതകാളെണെന്ന് തോന്നുന്നു മര്‍ദ്ദകര്‍ക്കുള്ള സന്ദേശം, ഇരപിടിത്തം എന്നിവ. കവിയില്‍ വളരെ നേര്‍ത്ത രീതിയില്‍ അന്തര്‍ലീനമായിരിക്കുന്ന രാഷ്ട്രീയദര്‍ശനം ഒരളവു വരെ വെളിവാക്കുന്ന രചനകള്‍ കൂടിയാണ്‌ ഇത്‌. (ദൈവമേ, ഇതൊരു മാലപ്പടക്കത്തിന്‌ തിരികൊളുത്തല്‍ ആവല്ലേ!).

കുളം+പ്രാന്തത്തി, തണുത്ത കൈപ്പടം, പിടികിട്ടാപ്പുള്ളി, പുഴ വരയ്ക്കുമ്പോള്‍ എന്ന കവിതകള്‍ തെരഞ്ഞെടുത്തതിന്‌ പരമു പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. വിഷ്ണുമാഷുടെ മികച്ച കവിതകളില്‍ ആദ്യസ്ഥാനങ്ങള്‍ അലങ്കരിക്കുന്നവ തന്നെയാണ്‌ ഇവ.

തിരുപ്പൂര്‍ എന്ന കവിതയെപ്പറ്റി പരമുവിന്റേയും അപരാജിതന്റേയും നിരീക്ഷണങ്ങളില്‍ എനിക്ക്‌ ചെറിയ വിയോജിപ്പുണ്ട്‌. പരമു സൂചിപ്പിച്ച "കവിയെ സൃഷ്ടിയിലേക്ക്‌ നയിക്കുന്ന വികാരങ്ങള്‍' ആണ്‌ ഇവിടെ പ്രധാനം എന്ന് എനിക്ക്‌ തോന്നുന്നു. ഈ കവിതയെ സംബന്ധിച്ചിടത്തോളം അത്‌ " ലോകത്തെ ഉടുപ്പിടുവിക്കാന്‍ നീ നിന്റെ മക്കളുടെ അടിവസ്ത്രങ്ങള്‍ കീറുന്നതെന്തിന്‌' എന്ന വരിയായിരിക്കണം. ആ ഒരു സ്പാര്‍ക്ക്‌ വായനക്കാരില്‍ എത്തിക്കാന്‍ കവി സ്വീകരിച്ച ടോണും, ഇരകളോടുള്ള പക്ഷപാതിത്വവും, ചാലിച്ച കടുംവര്‍ണ്ണങ്ങളും സഹായിച്ചിട്ടേ ഉള്ളൂ എന്നാണ്‌ എന്റെ അഭിപ്രായം. എല്ലാ കവിതകളിലൂടെയും ദാര്‍ശനികമായ തുലനം അനുഭവവേദ്യമാക്കുന്നത്‌ കവിയുടെ ബാധ്യതയല്ല എന്നാണ്‌ എന്റെ മതം. ചിലപ്പോഴെങ്കിലും കവിതയുടെ വികാരം സൃഷ്ടിക്കുന്ന ഒരു പ്രകമ്പനം വായനക്കാരില്‍ അവശേഷിക്കുന്നതാവാം കവിതയുടെ ഉദ്ദേശം.

ഇതില്‍ ഉള്‍പ്പെടേണ്ടിയിരുന്നത്‌ എനിക്ക്‌ അഭിപ്രായമുള്ള ഒരു കവിത കാഴ്ച്ചക്കൊല്ലി ആണ്‌. തീവ്രമായ കുറേ പ്രതീകങ്ങളിലൂടെ വായനക്കാരനെ കൊണ്ടു പോയിട്ട്‌ അവസാനം ക്രൂരമായി ഉപേക്ഷിച്ചു കളയുന്ന ആ രീതി പുതുമയുള്ളതാണ്‌.

അനു, വിഷ്ണുമാഷുടെ പഴയ കവിതകളില്‍ കാഞ്ഞിരം, താളം ഒക്കെ ഉണ്ടല്ലോ ചുരുക്കം ചില വരികളില്‍ തീവ്രമായി കാര്യം പറയുന്നതായിട്ട്‌? എന്തോ എനിക്ക്‌ മാഷുടെ പൊതുവായ ശൈലിയില്‍ കാര്യമായ മാറ്റങ്ങളുണ്ടെന്ന് തോന്നുന്നില്ല.

പരാജിതന്‍ said...

കണ്ണൂസെ,
നല്ല 'കന'മുള്ള കമന്റ്‌. എഴുതിയത്‌ കണ്ണൂസായതു കൊണ്ട്‌ അത്ഭുതമില്ല താനും. :)

'തിരുപ്പൂരി'നെപ്പറ്റി പറയാനാണ്‌ ഞാന്‍ വന്നത്‌. എനിക്കു തോന്നുന്നത്‌ നല്ല ആഴമുള്ളതും പ്രചോദനാത്മകവുമായ ഒരു നിരീക്ഷണം അല്ലെങ്കില്‍ സ്പാര്‍ക്‌, മുന്നോട്ടു വയ്ക്കുന്നതു കൊണ്ട്‌ മാത്രം ഒരു കവിതയോ കലാസൃഷ്ടിയോ വിജയം നേടുന്നില്ല എന്നാണ്‌. അതിനെ ഒരു പൂര്‍ണ്ണമായ സൗന്ദര്യാനുഭവം (ഈ വാക്കിന്‌ പരിമിതിയുണ്ട്‌!) ആക്കി മാറ്റുകയെന്നതാണ്‌ കലയുടെ ധര്‍മ്മമെന്നു തോന്നുന്നു. ആ അര്‍ത്ഥത്തില്‍ 'തിരുപ്പൂര്‍' പരാജയപ്പെട്ടു എന്നു തന്നെയാണ്‌ എന്റെ വിശ്വാസം.

എന്നു കരുതി ആ കവിത സൃഷ്ടിക്കുന്ന 'ഇംപാക്റ്റി'നെ തള്ളിപ്പറയുന്നുമില്ല. കലാനുഭൂതിയെന്നത്‌ തീവ്രമായ ഒരസ്വസ്ഥതയ്ക്കുമപ്പുറം നില്‍ക്കുന്ന ഒന്നാണെന്ന വൈയക്തിക വിശ്വാസമാകാം ഇതിനു കാരണം. ഉദാഹരണത്തിന്‌ നോര്‍വീജിയന്‍ പെയിന്ററായ എഡ്‌വേര്‍ഡ്‌ മൂങ്കിന്റെ വിഖ്യാതമായ 'സ്‌ക്രീം' എന്ന കൃതി ഉത്തമമായ ഒരു കലാസൃഷ്ടിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. എന്നാല്‍ ആ ചിത്രത്തില്‍ നോക്കി നില്‌ക്കുന്നത്‌ ഒരു വല്ലാത്ത അനുഭവമാണു താനും.

മറ്റൊന്ന്, കാഴ്‌ചക്കൊല്ലിയും എന്നെ ആകര്‍ഷിച്ചില്ല. അതിലെ പല ബിംബങ്ങളും വായിക്കുന്നയാളിനെ സ്പര്‍ശിക്കാതെ കടന്നുപോകുന്ന പോലെയാണ്‌ തോന്നിയത്‌. പക്ഷേ കണ്ണൂസ്‌ പറഞ്ഞ പോലെ അന്ത്യഭാഗത്തെ നിസ്സംഗതയോടെയുള്ള ആ പ്രസ്താവത്തിന്‌ തീര്‍ച്ചയായും സവിശേഷതയുണ്ട്‌.

പരമു said...

കണ്ണൂസേ, ഈവഴി കാണാത്തതെന്തേ എന്ന് ഓര്‍ത്തിരിക്കുമ്പോഴാണ് സുദീര്‍ഘമായൊരു കുറിപ്പുമായുള്ള ഈ വരവ്.സന്തോഷം..
‘ശേഷി’യെക്കുറിച്ച് ചര്‍ച്ചചെയ്യവേ മൂല്യബോധം എന്ന പദം ഉപയോഗിച്ചത് മറ്റുപലയിടത്തും എന്നപോലെ സാംസ്കാരികമായ മൂല്യബോധം എന്ന നിലയില്‍ തന്നെയാണ്
വിഷ്ണുവിന്റെ കവിതകള്‍ നിലനില്‍ക്കുന്ന മൂല്യച്യുതികളോട് കടുത്തഭാഷയില്‍ പ്രതികരിക്കുന്നുണ്ട് താങ്കള്‍ പറഞ്ഞ “മര്‍ദ്ദകര്‍ക്കുള്ള സന്ദേശം” പോലുള്ള കവിതകളില്‍.
“ഇരപിടിത്തം” പോലുള്ള കവിതകള്‍ കാണാതെ പോയതല്ല.വായനക്കാരനെ മുഷിപ്പിക്കും വിധം ദീര്‍ഘമായിപ്പോകുമോ എന്ന് ഭയന്ന് അവസാന എഡിറ്റിങ്ങില്‍ ഉപേക്ഷിക്കേണ്ടിവന്നതാണ്.
‘കീര്‍ത്തനം’,‘മുറിയിലുള്ളത്’ തുടങ്ങിയവ ആ ഗണത്തില്‍ പെടും.പക്ഷേ അത്തരമൊരു വിസ്താരഭയം വേണ്ടിയിരുന്നില്ല എന്ന് ഈ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നു.
എന്തായാ‍ലും വിശാലമായ ഒരു വായനാലോകത്തിന്റെ പങ്കാളിത്തത്തോടെയുള്ള ഇത്തരം ഒരു ചര്‍ച്ചയായിരുന്നു ഈ ലേഖനത്തിന്റെ ആത്യന്തികമായ ലക് ഷ്യവും.
ചര്‍ച്ച തുടരുമല്ലോ..

അദ്വൈതം അപ്പൂപ്പന്‍ said...

മാഷിന്‍റെ കവിതകള്‍ ,കവിതയ്ക്കു വരുന്ന ലളിതസുന്ദര ശൈലിയുടെ പുതിയ കാഴ്ച തന്നെയാണ്.
വരും കാല മലയാളകവിതകള്‍ ഈ ശൈലീമാറ്റത്തിലൂടെയായിരിക്കും നടന്നു വരുക,കണ്ടോളൂ ....എഴുതുക വീണ്ടും!

Unknown said...

ഭാഷയില്‍ പലപ്പോഴും ഒരു അതിവാചാലതയുണ്ട് വിഷ്ണുവിന്. ആദ്യമൊക്കെ അതില്‍ ഒരു അസ്വാഭാവികത തോന്നിയിരുന്നു എനിക്ക്. എന്തൊക്കെയോ ഒരു വല്ലായ്മ. പിന്നെപ്പിന്നെ അത് മനപൂര്‍വമാണെന്നും ഭാഷയിലെ ലാളിത്യത്തിന്റെ കൂടെയുള്ളതാണ് ആ അതിവാചാലതയെന്നും മനസ്സിലായി. ഇത്രയേറെ സജീവത ബ്ലോഗില്‍ നിലനിര്‍ത്താന്‍ കഴിയുന്നതുതന്നെ വിഷ്ണൂന്റെ ക്രിയാത്മകതയുടെ ലക്ഷണമാണ്.
കുറിയ കവിതകള്‍ എന്നത് മാത്രമല്ല പുതിയ കവിതകളിലെ മാറ്റം എന്ന് നേരത്തെ പറഞ്ഞതുകൊണ്ട് ഞാന്‍ ഉദ്ദേശിച്ചത്. എന്തോ മുഴുവന്‍ പറയാന്‍ കഴിയുന്നില്ല.

വേണു venu said...

.ശ്രീ.പരമുവിന്‍റെ പഠനം വിഷ്ണ്പ്രസാദിന്‍റെ കവിത മനസ്സിലാക്കാന്‍ കഴിയാതെ പോയ പല കവിതകളുടെയും ഉള്ളു കണിച്ചു തരുന്നതില്‍ വിജയിച്ചിട്ടുണ്ടു്. എന്നെ പോലെ പല കവിതകളിലേയും പൊരുളുകള്‍ പൂര്‍ണമായി മനസ്സിലാക്കാന്‍ കഴിയാതെ പോയവര്‍ക്കു് , ഈ പഠനം വളരെ ഉപകരിക്കപ്പെടുമെന്നതില്‍ സംശയമില്ല.
ലിങ്കു കൂടി കൊടുത്തിരുന്നെങ്കില്‍ കൂടുതല്‍ എളുപ്പം ആകുമായിരുന്നു.
കവിയോ കഥാകൃത്തോ എഴുതിയതിനു ശേഷം ആ സൃഷ്ടി, അനുവാചക മനസ്സിലൂടെ പുതു മാനങ്ങള്‍ തേടുന്നു. ആ പുതു മാനങ്ങളെ സമന്വയിപ്പിച്ചു കൊണ്ടുള്ള വിഷ്ണു പ്രസാദിന്‍റെ കവിതകളുടെ പഠനം, ഈ ബൂലോകത്തു് ആദ്യമായി ഒരു പുതു കാഹളം ഉണര്‍ത്തിയിട്ടുണ്ടു്. കവിയോ കഥാകൃത്തോ വിശദീകരണങ്ങള്‍ നല്‍കുന്നതില്‍ ഒരു പരിധിക്കപ്പുറം ഞാന്‍ ഇഷ്ടപ്പെടാറില്ല.
ആദ്യ സം‍രംഭമെന്നതില്‍ ചെല പാളിച്ചകളെ അവഗണിച്ചു കൊണ്ടു് തന്നെ,
ഞാന്‍ പറയട്ടെ.
ഒരു ചിത്ര ശലഭം ഒരു പൂവില്‍ നിന്നു് മറ്റൊരു പൂവിലേയ്ക്കു് തേന്‍ കുടിക്കാന്‍ പോകുമ്പോള്‍, ഒരോരോ പൂവിന്‍റെയും ഉള്ളിലെ സത്തയുടെ ചെറു വിവരണം നല്‍കുന്നതു പോലെയുള്ള പരമുവിന്‍റെ പഠനം മനോഹരമായിരുന്നു.
ഇനിയും ഈ ബൂലോകത്തില്‍ കവിതകളുടേയും കഥകളുടെയും പുതിയ പുതിയ പഠനങ്ങളിലേയ്ക്കുള്ള ഒരു കാല്‍വയ്പ്പാകട്ടെ ഇതു്. ഭാവുകങ്ങള്‍.

ടി.പി.വിനോദ് said...

നന്നായിരിക്കുന്നു മാഷേ ഈ ലേഖനം.
വിഷ്ണുമാഷിന്റെ കവിതകളെ അര്‍ഹിക്കുന്ന സൂക്ഷ്മതയോടും ഗഹനതയോടും കൂടി തന്നെ താങ്കള്‍ സമീപിച്ചിരിക്കുന്നു. തുടര്‍ന്നുവന്ന
ഗൌരവപൂര്‍ണ്ണവും ഉന്മേഷദായകവുമായ കമന്റുകള്‍ ഈ പോസ്റ്റിനെ പ്രശംസനീയമായ ഒന്നാക്കി മാറ്റുന്നു.

ജീവിതത്തിന്റെ സങ്കീര്‍ണ്ണതകളോടും തീവ്രതകളോടും വിഷ്ണുമാഷിന്റെ കവിതകള്‍
പ്രതികരിക്കുന്നത് ആസക്തിയുടെയും നിരാസത്തിന്റെയും മൌലികമായ ഒരു അനുപാതത്തില്‍ രൂപം കൊണ്ട ലാവണ്യബോധ
ത്തിന്റെ ജാമ്യത്തിലാണെന്ന് തോന്നാറുണ്ട്. പ്രമേയപരവും സങ്കേതപരവുമായ അംശങ്ങളില്‍ ഈ സംത്രാസം കവിതയെ Chaotic
ആയതും അതുകൊണ്ടു തന്നെ ജൈവവീര്യമുള്ളതുമായ ഒന്നാക്കി മാറ്റുന്നത് കാണാം.

ബിംബാത്മകമോ പ്രതീകാത്മകമോ ആയ വഴികള്‍ക്കു പുറമേ മാഷിന്റെ കവിതകള്‍ ദൃശ്യാത്മകമായ സംവേദന ഉപാധികള്‍
മുന്നോട്ട് വെയ്ക്കുന്നുണ്ട് പലപ്പോഴും. കവിത നമ്മെ അനുഭവിപ്പിക്കുന്ന ഭാവ സമഗ്രതയില്‍ വിഷ്വലുകളുടെ ഈ സാന്നിധ്യം പലപ്പോഴും
മറ്റു ഘടകങ്ങളെ അതിവര്‍ത്തിക്കുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. വയല്‍ക്കരയിലെ വീട്, കബ്ബണ്‍ പാര്‍ക്ക്, മുറിയിലുള്ളത്
തുടങ്ങിയ കവിതകള്‍ ഇതിന് ഉദാഹരണങ്ങളാണ്...

പ്രസക്തവും ശക്തവുമായ ലേഖനത്തിന് ഒന്നുകൂടി അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.

ആശംസകള്‍

Anonymous said...

"തീവ്രമായ ഒരു അനുഭവതലത്തില്‍ നിന്നുകൊണ്ട്‌ അനുവാചകനുമായി സംവദിക്കുന്നവയാണ്‌ വിഷ്ണുവിന്റെ കവിതകള്‍ . ബൂലോകകവിതാസ്വാദനo മുന്നോട്ടു പോകുന്നുവെങ്കില്‍ അത്‌ വിഷ്ണുവിനെപ്പോലെ ഒരു പിടി കവികളിലൂടെ തന്നെ ആയിരിക്കും".-- പരമു, എഴുതുക വീണ്ടും. തര്‍ജ്ജനിയില്‍! വന്ന ഈ കവിതവായിച്ചു ആസ്വാദനത്തെക്കുറിച്ച് താങ്കള്‍ക്കേ എഴുതുവാന്‍ അറിവും,വിവരവുംമുള്ളൂ!!!!! താങ്കളുടെ മക്കള്‍ക്കുംവായിച്ചു കൊടുക്കുകയും ആവാമല്ലേ!!!!
പുതിയ കാഴ്ചകള്‍
സന്ധ്യക്ക്
ആകാശം
കുന്നുകളില്
കുന്തിച്ചിരുന്ന്
തൂറി.
മഞ്ഞനിറത്തില്
സൂര്യന്
പുഴയിലേക്ക്
വീണു.
രാത്രി
പുറത്തിറങ്ങി നിന്നപ്പോള്
ആകാശം
പാവാട പൊക്കി
ചന്ദ്രനെ കാണിച്ചുതന്നു.
പ്രഭാതത്തില്
പുഴക്കടവില് നിന്നപ്പോള്
ബ്രേസിയേഴ്സ്
അഴിച്ച്
കല്ലടിമ(മു)ലകള്
കാട്ടി.
നിങ്ങള് പറ...
ഞാനെങ്ങനെ...
ചീത്തയാവാതിരിക്കും.
- വിഷ്ണുപ്രസാ‍ദ്
സത്യം തന്നെ വിഷ്ണുമാഷേ, താങ്കള്‍ ചിത്തയായില്ലെങ്കിലേ അദ്ഭുതമുള്ളൂ. ഭാവനയും ബുദ്ധിയും അസ്തമിക്കുമ്പോള്‍ ചിലപ്പോള്‍ നിറം മഞ്ഞയാകും. നീലയുമാകാം. അത്തരക്കാര്‍ക്ക് അസ്തമയസൂര്യനും മഞ്ഞച്ചിരിക്കും.ഇത്ര അധപ്പതിച്ചോ ചിന്ത.. കഷ്ടം

software development in kerala said...

Hi ,
Its a good and useful one.many of them may search for these types of content will help effectively.And we are best software development company in trivandrum.Those who looking software solution,we will help you.

We are best software development company in kerala and leading software development company in kerala.we are best in service.

best low cost software development company in kerala
best it company in kerala
best software development company in kochi
software development companies in trivandrum


trust us.